Flash News

സ്വാശ്രയ എന്‍ജിനീയറിങ് : സര്‍ക്കാര്‍ കത്തോലിക്കാ മാനേജ്‌മെന്റുമായി കരാര്‍ ഒപ്പിട്ടു



തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശത്തിനു കേരള കാത്തലിക് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള 14 കോളജുകളിലും ഫീസ് വര്‍ധനയില്ല. സര്‍ക്കാരുമായി അസോസിയേഷന്‍ മൂന്നു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു. എന്‍ആര്‍ഐ സീറ്റില്‍ നിലവിലുണ്ടായിരുന്ന 8000 ഡോളര്‍ 7000 ആയി കുറച്ചിട്ടുണ്ട്. മറ്റ് മുഴുവന്‍ സീറ്റിലും 75,000 രൂപയാവും ഫീസ്. 50 ശതമാനം മെറിറ്റ് സീറ്റിലേക്ക് എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. 50 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 35 ശതമാനം അതത് മാനേജ്‌മെന്റുകളുടെ സമുദായത്തിലെ കുട്ടികള്‍ക്കാണ്. ഈ സീറ്റുകളിലേക്ക് എന്‍ട്രന്‍സ് കമ്മീഷണറുടെ മാര്‍ക്കും പ്ലസ്ടുവിന്റെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാര്‍ക്കും ചേര്‍ത്ത് അതത് ഇടങ്ങളില്‍ ലഭിച്ച അപേക്ഷകളില്‍ നിന്ന് കോളജുകള്‍ റാങ്ക്പട്ടിക തയ്യാറാക്കി പ്രവേശനം നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ഫാ. വില്‍സണ്‍ തട്ടാരുതുണ്ടില്‍, സെക്രട്ടറി ഫാ. ജോസ് അലക്‌സ് എന്നിവരാണ് സര്‍ക്കാരുമായി കരാറിലൊപ്പിട്ടത്. അതേസമയം, 102 സ്വാശ്രയ കോളജുകള്‍ അംഗങ്ങളായ കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നിലനിര്‍ത്തി ഫീസ് വര്‍ധനയില്ലാതെ സര്‍ക്കാരുമായി ധാരണയ്ക്ക് തയ്യാറായിട്ടുണ്ട്. ഈ കോളജുകളിലും 50 ശതമാനം മെറിറ്റ് സീറ്റിലേക്ക് സര്‍ക്കാര്‍ പ്രവേശനം നടത്തും. ഫീസ് 75,000 രൂപയായിരിക്കും. മെറിറ്റ് സീറ്റിന്റെ പകുതി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ മാത്രമായിരിക്കും ഫീസ്. എന്‍ആര്‍ഐ ക്വാട്ടയില്‍ ഒന്നര ലക്ഷമാണ് ഫീസ്. ഇന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥുമായി ചര്‍ച്ച നടത്തിയ ശേഷം കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. ജോറി മത്തായി അറിയിച്ചു.
Next Story

RELATED STORIES

Share it