സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം: സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം; നിലപാടില്‍ അയവില്ല

കൊച്ചി: എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന നിലപാടിലുറച്ച് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍. അലോട്ട്‌മെന്റിനു ശേഷവും സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ്് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നിലപാട് ഇന്നു സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ തള്ളിയാല്‍ ഇത്തവണ അലോട്ട്‌മെന്റ് സര്‍ക്കാര്‍ കോളജുകളിലും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്ന സ്വാശ്രയ കോളജുകളിലും മാത്രമായി നിജപ്പെടുത്താനാണ് ധാരണ. നേരത്തേ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
തുടര്‍ന്ന് അന്തിമ നിലപാട് അറിയിക്കാന്‍ ഇന്നുവരെ സമയമനുവദിച്ചു. ഈ പശ്ചാത്തലത്തിലാണ് സംഘടനയുടെ നിര്‍ണായക ജനറല്‍ ബോഡി യോഗം ഇന്നലെ ചേര്‍ന്നത്. അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കാനാണു തീരുമാനം.
പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ക്ക് കോഴ്‌സുകളില്‍ പ്രവേശനം നല്‍കരുതെന്ന് സുപ്രിംകോടതി വിധിയും ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നിര്‍ദേശവുമുണ്ട്. ഇതിനാല്‍ റാങ്ക് പട്ടികയില്‍നിന്നു മാത്രമേ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രീ നോര്‍മലൈസേഷന്‍ പട്ടികയില്‍നിന്ന് സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ പ്രതിസന്ധിയിലാവുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. 40,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. കഴിഞ്ഞ വര്‍ഷം 18,000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു.
പ്രവേശനപ്പരീക്ഷ ജയിക്കാത്തവര്‍ക്കും പ്രഫഷനല്‍ കോഴ്‌സിന് ചേരാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാരിന്റെ മെറിറ്റ് സീറ്റില്‍ മാത്രമേ പ്രവേശനപ്പരീക്ഷ യോഗ്യതയായി കണക്കാക്കാവൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് ശശികുമാര്‍ പറഞ്ഞു. പ്ലസ്ടു യോഗ്യത മാനദണ്ഡമാക്കുന്നില്ലെങ്കില്‍ പ്രീ നോര്‍മലൈസേഷന്‍ പട്ടികയില്‍ നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കിത്തരണമെന്ന ആവശ്യവും അസോസിയേഷന്‍ മുന്നോട്ടുവച്ചു. ഇതര സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ് കോളജുകളില്‍ കേരളത്തില്‍നിന്ന് 75,000ലേറെ വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം പ്രവേശനം നേടുന്നുണ്ട്. കേരളത്തിലെ മികച്ച സൗകര്യങ്ങളുള്ള കോളജുകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ സ്ഥിതി. ഇത് അംഗീകരിക്കാനാവില്ലെന്നാണ് യോഗത്തിന്റെ പൊതുവികാരം.
അസോസിയേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതിനിടെ, ഫീസ് ഘടനയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കാമെന്ന് അസോസിയേഷനില്‍ അംഗങ്ങളായ 57 കോളജുകള്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 75,000 രൂപയും താഴ്ന്ന വരുമാനക്കാര്‍ക്ക് 50,000 രൂപയും പ്രതിവര്‍ഷം ഫീസായി നിജപ്പെടുത്താനാണ് സമ്മതമറിയിച്ചത്.
Next Story

RELATED STORIES

Share it