സ്വാശ്രയ എന്‍ജിനീയറിങ് കോളജ് അധ്യാപകരുടെ ശമ്പളം: സാങ്കേതികസര്‍വകലാശാല മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ അധ്യാപകര്‍ക്ക് എഐസിടിഇ ചട്ടമനുസരിച്ച് ശമ്പളവും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കണമെന്നു കാണിച്ച് സാങ്കേതികസര്‍വകലാശാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും എഐസിടിഇ നിയമം അനുശാസിക്കുന്ന യോഗ്യതയുണ്ടാവണമെന്നും സര്‍വകലാശാല ഉത്തരവിറക്കി.
സംസ്ഥാനത്തെ പല സ്വാശ്രയ കോളജുകളിലും യോഗ്യതയില്ലാത്തവരോ കുറഞ്ഞ യോഗ്യതയുള്ളവരോ ആണ് ഫാക്കല്‍റ്റികളില്‍ അധികമെന്നും ഉയര്‍ന്ന ശമ്പളം നല്‍കാത്തതിനാലാണു യോഗ്യതയുള്ളവരെ ലഭിക്കാത്തതെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണു സര്‍വകലാശാല പുതിയ ഉത്തരവ് ഇറക്കിയത്.
ഇതനുസരിച്ച് അധ്യാപകരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 21,000 രൂപയായിരിക്കും. എംടെക് ഉള്ള അധ്യാപകര്‍ക്ക് 75,000 രൂപവരെ അടിസ്ഥാനശമ്പളമായി ലഭിക്കും. യോഗ്യതയുള്ള അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യവും ഉറപ്പുവരുത്താനും ഇതുസംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിക്കും സര്‍വകലാശാല രൂപംനല്‍കിയിട്ടുണ്ട്.
കുസാറ്റ് മുന്‍ വിസി ഗംഗന്‍ പ്രതാപ് ചെയര്‍മാനും കെടിയു രജിസ്ട്രാര്‍ പ്രഫ. ജി പി പത്മകുമാര്‍ കണ്‍വീനറുമായുള്ളതാണ് മോണിറ്ററിങ് സമിതി. പ്രഫ. ജാന്‍സി ജെയിംസ്, പ്രഫ. പി കെ അബ്ദുല്‍ അസീസ് എന്നിവരാണ് അംഗങ്ങള്‍.
കോളജുകളിലെ അക്കാദമിക് നിലവാരം ഉറപ്പാക്കാനാണു യോഗ്യതയും ശമ്പളവും കര്‍ശനമാക്കുന്നതെന്ന് സാങ്കേതികസര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. സ്വാശ്രയ എന്‍ജിനീയറിങ്, എംബിഎ കോളജുകള്‍ അധ്യാപകരുടെ യോഗ്യതയും നിയമപ്രകാരമുള്ള ശമ്പളവും ഉറപ്പാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട കോളജുകളുടെ അംഗീകാരം റദ്ദാക്കാനും വ്യവസ്ഥയുണ്ട്. യോഗ്യതയില്ലാത്ത അധ്യാപകരെവച്ചു നടത്തുന്ന കോഴ്‌സുകള്‍ റദ്ദാക്കുന്നതടക്കം കര്‍ശന വ്യവസ്ഥകള്‍ സര്‍വകലാശാല ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
യോഗ്യതയുള്ളവര്‍ അധ്യയനവര്‍ഷത്തിന്റെ ഇടയില്‍ സ്ഥാപനം വിട്ടുപോവുന്നതും സര്‍വകലാശാല വിലക്കിയിട്ടുണ്ട്. ഒരു കോളജ് വിട്ടുപോവുന്ന അധ്യാപകര്‍ റിലീവിങ് ഓര്‍ഡര്‍ വാങ്ങിയിരിക്കണം. ഇതു പുതുതായി ചേരുന്ന കോളജുകളില്‍ നല്‍കുകയും വേണം. സ്ഥാപനത്തിന്റെ അനുമതിയില്ലാതെ കോളജ് വിട്ടാല്‍ ഒരുവര്‍ഷത്തേക്ക് അധ്യാപകരെ സര്‍വകലാശാല ഡീബാര്‍ ചെയ്യുകയും ചെയ്യും. സംസ്ഥാനത്ത് ഒരിടത്തും പിന്നെ ഇവര്‍ക്കു പഠിപ്പിക്കാനാവില്ല എന്നതാണു പുതിയ വ്യവസ്ഥ.
Next Story

RELATED STORIES

Share it