Flash News

സ്വാശ്രയം : സമിതിക്ക് താല്‍ക്കാലിക ഫീസ് നിശ്ചയിക്കാം



കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് അന്തിമ ഫീസ് നിര്‍ണയിക്കാന്‍ കാലതാമസമുണ്ടായാല്‍ ഫീസ് നിയന്ത്രണ സമിതിക്ക് താല്‍ക്കാലിക ഫീസ് നിശ്ചയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 90 ദിവസത്തിനകം അന്തിമ ഫീസ് നിശ്ചയിക്കണമെന്നുമുള്ള 8 (1)(ബി) വകുപ്പ് നിയമവിരുദ്ധമാണ്. കഴിഞ്ഞ ജൂലൈ 13ന് താല്‍ക്കാലിക ഫീസ് നിശ്ചയിച്ച നടപടി സാധുവാണെന്നും അന്തിമ ഫീസ് നിര്‍ണയിക്കും വരെ ഇതു നിലനില്‍ക്കുമെന്നും കോടതികളില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, കോടതി ഈ വ്യവസ്ഥകള്‍ തള്ളി. ഈ അധ്യയന വര്‍ഷം താല്‍ക്കാലിക ഫീസ് നിശ്ചയിച്ചുപോയതുകൊണ്ട് മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇതുവരെ അന്തിമ ഫീസ് നിശ്ചയിച്ചിട്ടില്ലെങ്കില്‍ സമയബന്ധിതമായി ഇതു നിര്‍ണയിക്കണമെന്ന് നിര്‍ദേശിച്ചു.പൊതു പ്രവേശന പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാരിന് നിര്‍ണയിക്കാം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലോ ഫീസിലോ വ്യവസ്ഥാലംഘനം കണ്ടെത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിലേക്ക് യുക്തമെന്നു തോന്നുന്ന കാലയളവിലേക്ക് പ്രവേശനം തടയാനോ സീറ്റുകള്‍ കുറയ്ക്കാനോ ഉത്തരവിടാം, സ്വാശ്രയ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍വകലാശാലയ്‌ക്കോ അധികൃതര്‍ക്കോ ശുപാര്‍ശ നല്‍കാം തുടങ്ങിയ വ്യവസ്ഥകള്‍ നിയമവിരുദ്ധമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it