സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരെ ആക്രമണം. ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും ഒരു സ്‌കൂട്ടറും അഗ്നിക്കിരയാക്കി. ആശ്രമത്തിന്റെ ഏതാനും ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇളകിവീണു. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി കെ ഷിബു എന്നെഴുതിയ റീത്തും വച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30യോടെയാണ് സംഭവം.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും ആശ്രമം സന്ദര്‍ശിച്ചു.
തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ തീ പടരുന്നത് കണ്ട അയല്‍വാസികളാണ് പോലിസിനെയും അഗ്നിരക്ഷാ വിഭാഗത്തെയും അറിയിച്ചത്. സന്ദീപാനന്ദഗിരി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. രണ്ട് അന്തേവാസികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലിസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ആശ്രമത്തിനു സമീപത്തെ കുണ്ടമണ്‍കടവ് ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് വിശദമായി പരിശോധിച്ചുവരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ആശ്രമപരിസരത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്.
പൂജപ്പുര എസ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷിക്കുന്നത്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കും സംഘപരിവാരത്തിനും പന്തളം കൊട്ടാരത്തിനുമാണ്. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. രാഹുല്‍ ഈശ്വറിനും സംഭവത്തില്‍ പങ്കുണ്ട്. നാളെ തന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സ്വാമിക്കു നേരെ മുമ്പും ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎമ്മിന്റെ നാടകമാണെന്ന് ബിജെപി പ്രതികരിച്ചു.

Next Story

RELATED STORIES

Share it