സ്വാമി ശാശ്വതീകാനന്ദയുടെ മരണം; ക്രൈംബ്രാഞ്ചിന് തുടരന്വേഷണം നടത്താം

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് തുടരന്വേഷണം നടത്താമെന്ന് ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും വീഡിയോയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് ബി കെമാല്‍ പാഷയുടെ ഉത്തരവ്. കേസ് രണ്ടു മാസങ്ങള്‍ക്കു ശേഷം വീണ്ടും പരിഗണിക്കും. സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ പ്രഥമദൃഷ്ട്യാ അപാകതയുള്ളതായി കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൃതദേഹത്തില്‍ തലയുടെ ഭാഗത്തു കാണപ്പെട്ട പരിക്ക് സംബന്ധിച്ച് കോടതി നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സിഡി ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ കോടതിയില്‍ ഹാജരാക്കിയത്.
തലയില്‍ കണ്ട പരിക്കിനെക്കുറിച്ചുള്ള ഡോക്ടറുടെ മൊഴിയും ഡിജിപി കോടതിയില്‍ ഹാജരാക്കി. സ്വാമിയുടേത് മുങ്ങിമരണമാണെന്നും മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകമാണെന്നു സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലെന്നും മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നുണ്ടെന്നും ഇവ ആവശ്യമെങ്കില്‍ അന്വേഷണസംഘം പരിഗണിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.
അതേസമയം സ്വാമി പ്രകാശാനന്ദയടക്കമുള്ളവര്‍ മരണത്തില്‍ ദുരൂഹതയാരോപിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണസംഘം ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ഹരജിക്കാരായ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ ബോധിപ്പിച്ചു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് പലരുടെയും പേരില്‍ കത്തുകള്‍ ലഭിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ ഹരജി പരിഗണിക്കവെ വെളിപ്പെടുത്തി. ശാശ്വതീകാനന്ദയുടെ പേരില്‍ തന്നെയുള്ള കത്തുകളും തന്റെ ചേംബറിലും വസതിയിലും കിട്ടുന്നുണ്ടെന്നും കോടതി പറഞ്ഞു. ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ഡിജിപി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണു നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നു കോടതി വ്യക്തമാക്കിയത്. ഹരജി രണ്ടുമാസം കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it