സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഹൈക്കോടതി; നീന്തലറിയാവുന്നയാള്‍മുങ്ങിമരിച്ചതെങ്ങനെ

സ്വന്തം പ്രതിനിധി

കൊച്ചി: നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച തുടരന്വേഷണത്തിന് തടസ്സമെന്താണെന്നും കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ തുടരന്വേഷണം സംബന്ധിച്ച വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ ഉത്തരവിട്ടു.
വെള്ളത്തില്‍ വീണുള്ള സ്വാഭാവിക മരണമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും ഇതുസംബന്ധിച്ചാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് അന്തിമ റിപോര്‍ട്ട് നല്‍കിയതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിച്ചതെങ്ങനെയെന്ന് കോടതി ആരാഞ്ഞത്. സ്വാമിക്ക് നന്നായി നീന്തലറിയാമായിരുന്നെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. തലയ്ക്ക് ശക്തമായ ക്ഷതമേല്‍ക്കുകയോ നീന്തിക്കുഴഞ്ഞ് വെള്ളത്തിലേക്ക് ആഴ്ന്നുപോവുകയോ ചെയ്യണം. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ വിഷമരുന്നോ മറ്റോ കഴിച്ചിട്ട് വെള്ളത്തില്‍ ഇറങ്ങിയാലും മുങ്ങിമരണം സംഭവിക്കാം. ഈ ഘടകങ്ങളില്‍ ഏതെങ്കിലുമില്ലാതെ നീന്തലറിയാവുന്നവര്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും ഇക്കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് ഡിഐജി ജേക്കബ് തോമസ് കണ്ടെത്തിയിരുന്നെന്നും തുടരന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഐജിയുടെ നേതൃത്വത്തില്‍ ആറ് എസ്പിമാര്‍ കേസ് അന്വേഷിച്ചിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനു ശേഷമാണ് അന്തിമ റിപോര്‍ട്ട് നല്‍കിയത്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണത്തിനു തടസ്സമില്ല. ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണമല്ലെന്ന പരാതിയോ വെളിപ്പെടുത്തലോ മാധ്യമങ്ങള്‍ക്കു മുന്നിലല്ലാതെ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇടുക്കിയിലെ സിപിഎം നേതാവ് എം എം മണിക്കെതിരേ സ്വമേധയാ കേസെടുത്തത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പേരിലാണെന്നും പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിലല്ലെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ബി എച്ച് മന്‍സൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ മണിയുടേതുപോലുള്ളതല്ലെന്ന് ഡിജിപി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം, രാസപരിശോധനാ റിപോര്‍ട്ടുകള്‍ പരിശോധിച്ച് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷനല്‍ കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കേസിലെ സാക്ഷിമൊഴികളും പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള മെഡിക്കല്‍ റിപോര്‍ട്ടുകളും ക്രൈംബ്രാഞ്ച് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് റദ്ദാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ അപാകതകള്‍ പരിശോധിച്ച് തുടരന്വേഷണത്തിനു നിര്‍ദേശം നല്‍കാന്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് അധികാരമില്ല. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it