Kerala

സ്വാമി ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണ സാധ്യത തള്ളി സര്‍ക്കാര്‍

സ്വാമി  ശാശ്വതീകാനന്ദയുടെ  മരണം;  തുടരന്വേഷണ സാധ്യത തള്ളി സര്‍ക്കാര്‍
X


SWAMY_saswathikandhaതിരുവനന്തപുരം: ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാറുടമ ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചതാണ്. കൂടുതല്‍ തെളിവു ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടരന്വേഷണം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിച്ചത്. പ്രിയന്‍ എന്ന വാടകക്കൊലയാളിയാണ് കൊലനടത്തിയതെന്നായിരുന്നു ബിജുവിന്റെ ആരോപണം.

വെള്ളാപ്പള്ളി നടേശനും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു. എന്നാല്‍, ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തേയും ഉന്നയിച്ചിരുന്നതായും ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി തള്ളിക്കളഞ്ഞതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം, ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും രംഗത്തെത്തി. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോഴുണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍, മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ട്. നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു. മുങ്ങിമരിക്കുകയായിരുന്നെങ്കില്‍ മൃതദേഹം മുങ്ങിത്താഴുകയോ ഒഴുകിപ്പോവുകയോ ചെയ്യേണ്ടിയിരുന്നു. പുനരന്വേഷണം വേണമെന്നാണ് എല്ലാ കോണില്‍നിന്നുമുള്ള അഭിപ്രായം.

കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് തനിക്കറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പ്രകാശാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് നുണപരിശോധന നടത്തണമെന്ന് സഹോദരി കെ ശാന്തകുമാരിയും ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയെയും തുഷാറിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണം. ഇതിനായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശാന്തകുമാരി പ്രതികരിച്ചു.
Next Story

RELATED STORIES

Share it