സ്വാമി ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളി

ഷാജഹാന്‍പൂര്‍: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ് പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിനെതിരേ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിഖപ്രധാന്‍ ജാമ്യമെടുക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബലാല്‍സംഗത്തിനിരയായ യുവതിയാണ് യുപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ജൂലൈ 12ന് അടുത്ത വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ ഹാജരാവണമെന്ന് ചിന്മയാനന്ദിന് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. ജില്ലാ ഭരണകൂടം കത്ത് കോടതിക്കയച്ചു. ഇതിനിടെയാണ് സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് ബലാല്‍സംഗത്തിനിരയായ യുവതി കോടതിയില്‍ ഹരജി നല്‍കിയത്. സര്‍ക്കാരിന്റെ ശുപാര്‍ശ തെറ്റാണെന്ന്് കോടതി വിധി തെളിയിച്ചുവെന്ന് സ്ത്രീ പറഞ്ഞു. കേസില്‍ നീതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചിന്മയാനന്ദ്, ആശ്രമത്തില്‍ യുവതിയെ തടങ്കലിലാക്കി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഗര്‍ഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് ചിന്മയാനന്ദ് നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. കേസില്‍ കോട്‌വാലി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി ചിന്മയാനന്ദിന്റെ അറസ്റ്റ് സ്റ്റേ ചെയ്തു. 2012 മുതല്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലണ്. മൂന്നു തവണ പാര്‍ലമെന്റംഗമായ ചിന്മയാനന്ദ് 1999ല്‍ എ ബി വാജ്്‌പേയിയുടെ സര്‍ക്കാരില്‍ ആഭ്യന്തര സുരക്ഷാ സഹമന്ത്രിയായിരുന്നു.
Next Story

RELATED STORIES

Share it