Flash News

സ്വാമി അഗ്നിവേശിന് നേരെ ബിജെപി ആക്രമണം

റാഞ്ചി: സാമൂഹികപ്രവര്‍ത്തകനും ബന്ദ്വ മുക്തി മോര്‍ച്ച സ്ഥാപകനുമായ സ്വാമി അഗ്നിവേശിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പാകുര്‍ ജില്ലയില്‍ ആദിവാസി ദലിത് സംഘടനയായ അഖില്‍ ഭാരതീയ അഡിം ജന്‍ജാതിയ വികാസ് സമിതിയുടെ പരിപാടിക്കെത്തിയതായിരുന്നു സ്വാമി അഗ്നിവേശ്.
പാകുറില്‍ പത്രസമ്മേളനം കഴിഞ്ഞിറങ്ങവെയാണ് ആക്രമണമുണ്ടായത്. ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് വന്‍കിട മുതലാളിമാര്‍ക്കു നല്‍കുകയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പത്രസമ്മേളനത്തില്‍ അഗ്നിവേശ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നു വിളിച്ചാണ് ആക്രമിച്ചതെന്ന് അഗ്‌നിവേശ് പറഞ്ഞു. വേദിക്കു പുറത്തിറങ്ങിയപ്പോള്‍ പ്രകോപനമില്ലാതെയാണ് തനിക്കെതിരേ ആക്രമണമുണ്ടായത്. ഹിന്ദുക്കള്‍ക്കെതിരേ സംസാരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു. മര്‍ദിച്ച് റോഡില്‍ തള്ളിയിട്ട് ചവിട്ടുന്നതിനിടെ കൂടെയുണ്ടായിരുന്നവരാണ് അഗ്നിവേശിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം പാകുര്‍ സദര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റുള്ളവരുടെ മതവികാരത്തെ മുറിവേല്‍പ്പിക്കരുതെന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ പ്രകോപനപരമായി പ്രസ്താവനകള്‍ ഇറക്കരുതെന്നും സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി ദീപക് പ്രകാശ് പറഞ്ഞു.
ജില്ലയിലെ അഗ്നിവേശിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് പാകുര്‍ പോലിസ് സൂപ്രണ്ട് സംഭവത്തോട് പ്രതികരിച്ചത്.
എന്നാല്‍, മുഖ്യമന്ത്രിയെയും ഗവര്‍ണറെയും പരിപാടിയെക്കുറിച്ച് താന്‍ അറിയിച്ചിരുന്നുവെന്ന് അഗ്നിവേശ് അറിയിച്ചു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it