wayanad local

സ്വാഭാവിക വനവല്‍ക്കരണം ശക്തിപ്പെടുത്തുന്നു

കല്‍പ്പറ്റ: വനങ്ങളില്‍ സ്വാഭാവിക മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി ശക്തിപ്പെടുത്തി വനംവകുപ്പ്.  വരള്‍ച്ചയും വന്യമൃശല്യവും കൊണ്ടുള്ള പ്രതിസന്ധികള്‍ ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
വയനാട് വന്യജീവി സങ്കേത്തില്‍ ഉള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചില്‍ ഇതിനുള്ള വിപുലമായ പദ്ധതിയാണ് നടപ്പാക്കുന്നത്. അയ്യായിരത്തോളം മുളത്തൈകള്‍ വച്ചുപിടിപ്പിക്കുകയാണ് ആദ്യഘട്ടം. ഇതിനായി തൈകള്‍ മുളപ്പിച്ചു. റേഞ്ച് ഓഫിസിനോട് ചേര്‍ന്നുള്ള നഴ്‌സറിയിലും വൈല്‍ഡ് ലൈഫിലുള്ള എട്ടു ക്യാംപ് ഷെഡുകളിലുമായാണ് തൈകള്‍ തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം 1,500ഓളം തൈകള്‍ നട്ടു.
അഞ്ചുവര്‍ഷം മുമ്പ് ഇവിടെ മുളകള്‍ പൂത്തുനശിച്ചതാണ്. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ പിന്നീട് ഇവ മുളച്ചതുമില്ല. ആനയുടെ പ്രധാന തീറ്റയായ മുള നശിച്ചതു വലിയ തിരിച്ചടിയായി.
തീറ്റതേടി കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാനും തുടങ്ങി. തേക്കും യൂക്കാലിയും നട്ട് സ്വാഭാവിക വനത്തിന്റെ നാശത്തിന്  വഴിയൊരുക്കിയ നടപടിയാണ് വന്യമൃഗശല്യത്തിനും കാട്ടുതീക്കുമുള്‍പ്പെടെ കാരണമായതെന്നു വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുന്‍ നടപടികള്‍ തിരുത്തി സ്വാഭാവിക വനവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. മുളകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ വനത്തിന് പുറത്തെ വന്യമൃശല്യം കുറയ്ക്കാനാവും.
മുളയ്‌ക്കൊപ്പം ഫലവൃക്ഷങ്ങളും നടുന്നുണ്ട്. പ്ലാവ്, മാവ്, ഞാവല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. ഇതിനകം വന്യജീവി സങ്കേതത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുതുടങ്ങി. നഴ്‌സറികളില്‍ തയ്യാറാക്കിയ തൈകള്‍ നടുന്നതിനൊപ്പം വിത്തുകള്‍ നേരിട്ട് വിതയ്ക്കും.
മറ്റു ചെടികള്‍ക്കൊപ്പം ഇവയും വളര്‍ന്നുവരുമെന്നാണ് പ്രതീക്ഷ. ഇതിനായി വിത്തുകള്‍ ശേഖരിക്കും. ആന, കാട്ടുപോത്ത് തുടങ്ങി പക്ഷികള്‍ വരെയുള്ളവയുടെ തീറ്റ വന്യജീവി സങ്കേതത്തിനുള്ളില്‍ ഉറപ്പാക്കുന്ന തരത്തിലായിരിക്കും വനവല്‍ക്കരണം.
Next Story

RELATED STORIES

Share it