സ്വാഭാവിക റബറിന് കിലോക്ക്  200 രൂപ ഉറപ്പുവരുത്തണം: മാണി

തിരുവനന്തപുരം: സ്വാഭാവിക റബര്‍ ഒരു കിലോഗ്രാമിന് കുറഞ്ഞത് 200 രൂപയെങ്കിലും വില ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നു കെ എം മാണി എംഎല്‍എ. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്നും മാണി ആവശ്യപ്പെട്ടു.
സ്വാഭാവിക റബറിന്റെ വിലയിടിവ് അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. രണ്ടുവര്‍ഷം മുമ്പ് 160 രൂപ വിലയുണ്ടായിരുന്ന ഗ്രേഡ് റബറിന്റെ വില 107 ലേക്കു കുത്തനെ താഴ്ന്നു. ചെറുകിട കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ആര്‍എസ്എസ് 5 ഗ്രേഡിന് 100 രൂപപോലും ലഭ്യമല്ലാത്ത ദുസ്ഥിതിയാണ് ഇപ്പോഴുള്ളത്. ഉല്‍പാദനച്ചെലവിനു പോലും നിരക്കാത്ത വിലയാണിത്. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ റബര്‍കൃഷി ഉപേക്ഷിക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍ എത്തിച്ചേരും. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകരും. ഒരു കിലോ റബറിന് 150 രൂപയെങ്കിലും ഉറപ്പാക്കുന്നവിധം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായമെത്തിക്കാനുള്ള ഒരു പദ്ധതി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20,000 ടണ്‍ റബര്‍ വാങ്ങാന്‍ 300 കോടി രൂപ മാറ്റിവയ്ക്കുകയും സഹായവിതരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 500 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമായിരുന്നെന്നും മാണി പറഞ്ഞു.
Next Story

RELATED STORIES

Share it