Flash News

സ്വാഭാവിക റബറിന് ആവശ്യക്കാര്‍ കുറയുന്നു, കര്‍ഷകരുടെ കഷ്ടകാലം തുടരുമെന്ന് സൂചന

സ്വാഭാവിക റബറിന് ആവശ്യക്കാര്‍ കുറയുന്നു, കര്‍ഷകരുടെ കഷ്ടകാലം തുടരുമെന്ന് സൂചന
X
rubber-tapping

ന്യൂഡല്‍ഹി : കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്ത് സ്വാഭാവിക റബറിന്റെ ഉപഭോഗത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് റബര്‍ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ റബര്‍ ഉല്‍പാദനം 14 ശതമാനം കുറഞ്ഞതായാണ് പുറത്തു വരുന്ന കണക്കുകള്‍. ഇക്കാലയളവില്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതിയില്‍ 7 ശതമാനവും ഉപഭോഗത്തില്‍ മൂന്ന് ശതമാനവും ഇടിവുണ്ടായതായാണ് റബര്‍ബോര്‍ഡ് പറയുന്നത്. ആഗോളവിപണിയില്‍ ഇന്ധനവില കുറയുന്നത് പെട്രോളിയം ഉല്‍പന്നമായ കൃത്രിമ റബറിന്റെ വില കുറച്ചതാവാം വ്യവസായങ്ങളെ സ്വാഭാവിക റബറില്‍ നിന്ന് അകറ്റുന്നത് എന്നാണ് സൂചന.
റബര്‍ബോര്‍ഡ് പുറത്തിറക്കിയ കണക്കനുസരിച്ച് ഏപ്രിലിനും ഡിസംബറിനും ഇടയില്‍ ഉല്‍പാദനം 4.4 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 5.1 ലക്ഷം ടണ്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

[related]കുറഞ്ഞ വിലയും ഉയര്‍ന്ന കൂലിച്ചെലവു മൂലം കര്‍ഷകര്‍ ടാപ്പിങ് കുറച്ചതോടെയാണ് ഉല്‍പാദനത്തില്‍ ഇടിവുണ്ടായത് എന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം കാലാവസ്ഥാവ്യതിയാനം റബര്‍ മരങ്ങളുടെ പാലുല്‍പാദനശേഷിയെ ബാധിച്ചതും പ്രശ്‌നമായി. എന്നാല്‍ ഇതിനേക്കാള്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവിക റബറിന്റെ ഉപഭോഗത്തിലെ ഇടിവാണ്. ആഭ്യന്തര റബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ക്ക്  സ്വാഭാവിക റബറിനോട് താല്‍പര്യം കുറയുന്നത് ഇനിയും വിലയിടിവിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് കര്‍ഷകര്‍ ഭയക്കുന്നു. ഏപ്രിലിനും ഡിസംബറിനും ഇടയില്‍ സ്വാഭാവിക റബറിന്റെ ഉപഭോഗത്തില്‍ 3 ശതമാനം ഇടിവുണ്ടായി എന്നാണ് കണക്ക്്. മൂന്‍വര്‍ഷം 7,64,685 ടണ്‍ എന്ന സ്ഥാനത്ത് 7,43,260 ടണ്ണായാണ് ഉപഭോഗം കുറഞ്ഞിട്ടുള്ളത്. ഇക്കാലയളവില്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി 3,51,034 ടണ്ണില്‍ നിന്ന്് 3,27,288 ടണ്ണായി കുറഞ്ഞു.

എന്നാല്‍ ഈ പ്രവണതയില്‍ ചെറിയൊരു മാറ്റം ഡിസംബറില്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും അതും കര്‍ഷകരുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന തരത്തിലാണ്. 2014 ഡിസംബറില്‍ 34,324ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2015 ഡിസംബറില്‍ 37,078 ടണ്‍ ഇറക്കുമതി ചെയ്തു എന്ന കണക്കാണത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 85,820ടണ്ണില്‍ നിന്ന് 84,000ടണ്ണായാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത്.
Next Story

RELATED STORIES

Share it