malappuram local

സ്വാതന്ത്ര്യ സമരസേനാനികളുടെ പോര്‍ട്ടബിള്‍ ചര്‍ക്കയുമായി അധ്യാപകന്‍

മഞ്ചേരി: 1928ല്‍ നിര്‍മിച്ച പോര്‍ട്ടബിള്‍ ചര്‍ക്കയുമായി യുപി വിഭാഗം സാമൂഹികപാഠം അധ്യാപകന്‍. സ്വാതന്ത്യ സമരസേനാനികള്‍ ഉപയോഗിച്ചിരുന്ന ചര്‍ക്കയാണ് 88 വര്‍ഷമായിട്ടും യാതൊരു പോറലുമില്ലാതെ തൃപ്പനച്ചി യുപി സ്‌കുള്‍ അധ്യാപകന്‍ എം സി അബ്ദുല്‍ അലിയുടെ പക്കലുള്ളത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ ചര്‍ക്കയും രൂപം കൊള്ളുന്നത്.
ഇതുപയോഗിച്ച് ഏതു സ്ഥലത്തുവച്ചും വസ്ത്രങ്ങള്‍ നെയ്ത് ധരിക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ തീരുമാനം. രാഷ്ട്രപിതാവ് യാത്ര പോവുമ്പോഴേല്ലാം ഇത്തരം ചര്‍ക്ക കൂടെ കൊണ്ടുപോയിരുന്നതായി ചരിത്രം പറയുന്നുണ്ട്. 1931 ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശസമ്മേളനത്തില്‍ ഗാന്ധിജി തന്റെ കൈയിലുള്ള ചര്‍ക്ക ഉപയോഗിച്ച് വസ്ത്രങ്ങള്‍ നെയ്‌തെടുക്കുമെന്ന് സമ്മേളനത്തിനെത്തിയവര്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചരക്കിലോ ഭാരമുള്ള ചര്‍ക്കയുടെ പെട്ടിയില്‍ നൂലും സൂചിയും സ്ഥാപിക്കാന്‍ പ്രത്യേകം അറകളുണ്ട്.
1919-മുതല്‍ 47 വെരെ ഗാന്ധിയന്‍ കാലഘട്ടത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാനാണ് അബ്ദുല്‍ അലി മാസ്റ്റര്‍ ചര്‍ക്ക ഉപയോഗിച്ചുവരുന്നത്. ഗ്രാമഫോണ്‍, വിവിധ തരം അത്യപൂര്‍വ നാണയങ്ങള്‍, ഗാന്ധിജിയുടെ ഇംഗ്ലീഷിലുള്ള ആത്മീയ സന്ദേശങ്ങള്‍, പിച്ചളയില്‍ കൊത്തിവെച്ച ഖുര്‍ആന്‍ സുക്തം തുടങ്ങി ചരിത്രത്തിന്റെ ഭാഗമായുള്ള നിരവധി അപൂര്‍വ ശേഖരങ്ങളാണ് ഈ അധ്യാപകന്റെ ശേഖരത്തിലുള്ളത്. തൃപ്പനച്ചിയില്‍ നടന്ന നാട്ടൊരുമയില്‍ അബ്ദുല്‍ അലിയുടെ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അധ്യാപക പഠനസഹായി നിര്‍മാണ മല്‍സരത്തില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് രണ്ട് തവണ എ ഗ്രേഡ് ഈ കഠിനാധ്വാനിയായ അധ്യാപകന് ലഭിച്ചിട്ടുണ്ട്. ഭാര്യ കൊട്ടുക്കര സ്‌കുളിലെ അധ്യാപിക ജസീലയുടെ അകമഴിഞ്ഞ പിന്തുണയാണ് അബ്ദുല്‍ അലിയുടെ ശേഖരത്തിന് കരുത്തേകുന്നത്. നജ ഫാത്തിമ, നഷ ആയിഷ മക്കളാണ്.
Next Story

RELATED STORIES

Share it