സ്വാതന്ത്ര്യസമര സേനാനികളുടെ പദവി നല്‍കണമെന്ന് ഹരജി

കൊച്ചി: കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പദവി നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. അടിയന്തരാവസ്ഥയെ നേരിട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പെന്‍ഷനും മറ്റു ഇളവുകളും നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ തങ്ങള്‍ക്ക് ജയില്‍വാസത്തിനും പീഡനത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തെ പോലെ തന്നെ കാണുന്നുണ്ട്. അവിടെ പെന്‍ഷനും ഇളവുകളും ചികില്‍സാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥാ പ്രഖ്യാപനം ശരിയാണെന്നു കണ്ടെത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1976ലെ വിധിയെ 2017ലെ ജസ്റ്റിസ് പുട്ടുസ്വാമി, യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രിംകോടതിയുടെ 11 അംഗ ബെഞ്ച് തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
Next Story

RELATED STORIES

Share it