സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തല്‍ സര്‍ക്കാരിന്റെ പ്രഥമ കടമ: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: എല്ലാ മതവിഭാഗങ്ങളുടെയും ചിന്താധാരകളുടെയും സുരക്ഷ ഉറപ്പുവരുത്തലാണ് ജനാധിപത്യ സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്തമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതി യോഗം ഓര്‍മിപ്പിച്ചു.
ഫാഷിസത്തില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സര്‍ക്കാരുകളും സമൂഹവും ഒന്നിച്ചു രംഗത്തിറങ്ങണം. അസഹിഷ്ണുതയും മതാടിസ്ഥാനത്തി ല്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയെയും പുരോഗതിയെയും അപായപ്പെടുത്തുന്നതാണ്.
ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരേ അക്രമം അഴിച്ചുവിടുന്ന സംഘപരിവാര സംഘടനകള്‍ക്കെതിരേ നിയമപരവും ഭരണപരവുമായ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ ധൈര്യപൂര്‍വം മുന്നോട്ടുവരണം. നീതിക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരേ പ്രതിഷേധവുമായി രംഗത്തുവന്ന സിനിമാ- സാഹിത്യ മേഖലകളിലെ പ്രമുഖര്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഭീഷണി നേരിടുന്ന രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. എല്ലാ വിഭാഗം ജനങ്ങളും ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും യോഗം വ്യക്തമാക്കി. 1984ലെ സിക്ക്‌വിരുദ്ധ കലാപത്തിന്റെ ഇരകള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല എന്നത് രാജ്യത്തിന് അപമാനകരമാണ്. ബാബരി മസ്ജിദിന് നീതി ലഭ്യമാക്കി അത് തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കാനും അതിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സമാധാന കാംക്ഷികളായ എല്ലാ ജനങ്ങളോടും യോഗം അഭ്യര്‍ഥിച്ചു.
കോഴിക്കോട്ടു ചേര്‍ന്ന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേഠ്, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍, ഖജാഞ്ചി ഖാലിദ് റാഷിദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it