Middlepiece

സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി

പി കെ റംല

മനുഷ്യാവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഡിസംബര്‍ 10 സാര്‍വദേശീയ മനുഷ്യാവകാശ ദിനമായി ലോകം മുഴുവന്‍ ആചരിച്ചുവരുകയാണ്. 'നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യവും എപ്പോഴും ഉയര്‍ത്തിപ്പിടിക്കുക' എന്ന പ്രമേയവുമായാണ് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഈ വര്‍ഷം ലോക മനുഷ്യാവകാശദിനം ആചരിക്കുന്നത്.
ദേശീയത, വികസനം, സാംസ്‌കാരിക ദേശീയത എന്നിവയുടെ പേരില്‍ നമ്മുടെ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നിരവധി ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യാവകാശ ദിനാചരണം വളരെയേറെ പ്രസക്തമാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച രണ്ടാം ലോകയുദ്ധത്തിനു ശേഷം അതിന്റെ ദുരിതപൂര്‍ണമായ അനുഭവങ്ങളില്‍ നിന്നു പൂര്‍ണമായി കരകയറാതിരുന്ന സാഹചര്യത്തിലാണ് 1948ല്‍ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച മനുഷ്യാവകാശങ്ങളെ സംബന്ധിച്ച ആഗോള പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു.
ഓരോ മനുഷ്യനും ദൈവം നല്‍കിയ ദാനമാണ് മനുഷ്യാവകാശങ്ങള്‍. മനുഷ്യന്‍ ജനിക്കുന്നത് വിലങ്ങുകളില്ലാതെ സ്വതന്ത്രനായാണ്. ജനങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കിയത് ഏതെങ്കിലും സര്‍ക്കാരുകളോ ഭരണാധികാരികളോ അല്ല. മാനവകുലത്തിന്റെ മാന്യമായ നിലനില്‍പിന് അനിവാര്യമായ പൈതൃകത്തിന്റെ ഭാഗമാണത്. അതുകൊണ്ടാണ് യുഎന്‍ ജനറല്‍ അസംബ്ലി ഏതാണ്ട് ഐകകണ്‌ഠ്യേന മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം പാസാക്കിയത്. ഹമുറാബിയുടെ തത്ത്വങ്ങള്‍, പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീന ചാപ്റ്റര്‍, 1215ലെ മാഗ്നകാര്‍ട്ട തുടങ്ങിയവ പോലെ മനുഷ്യചരിത്രത്തിന്റെ രേഖയായി നിരവധി രാജ്യങ്ങളുടെ ഭരണഘടനകള്‍ക്ക് ഈ പ്രഖ്യാപനം പ്രചോദനമായി. അതുവഴി ജാതി-മത-വര്‍ഗ-വര്‍ണവ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യര്‍ക്കും ആസ്വദിക്കാവുന്നവയായിത്തീര്‍ന്നു മനുഷ്യാവകാശങ്ങള്‍.
എന്നാല്‍, ഈ തത്ത്വങ്ങള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശലംഘനങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും ജീവനോടെ കത്തിക്കപ്പെടുകയും ചെയ്തു. സ്ത്രീകള്‍ മരിക്കുമ്പോള്‍ തലമുറകളാണ് മരിക്കുന്നത്.
നമ്മുടെ രാജ്യത്ത് പൊതുയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ നിരവധി യുവാക്കള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു. ജാതിനിയമങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ ദലിതുകള്‍ ചുട്ടെരിക്കപ്പെടുന്നു. അണക്കെട്ട് നിര്‍മാണത്തിനും ഖനനത്തിനും വേണ്ടി ആദിവാസികളെ ആട്ടിപ്പായിക്കുന്നു. ബുദ്ധിജീവികള്‍ തോക്കിനിരയാവുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുന്നു. കൊലയാളികള്‍ക്ക് ഇഷ്ടമില്ലാത്തത് ഭക്ഷിച്ചതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുന്നു. കല്‍പനകള്‍ അനുസരിക്കാത്ത യുവതികള്‍ മാനഭംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാവുന്നു. അസഹിഷ്ണുതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
ജനാധിപത്യത്തെ തുരങ്കംവയ്ക്കാനുള്ള ഫാഷിസത്തിന്റെ ആയുധമാണ് ഭയം. ജനങ്ങളെ അടിമകളാക്കാന്‍ ഫാഷിസം വിവിധ തന്ത്രങ്ങള്‍ പയറ്റുന്നു. വിവിധ ഭാഷയില്‍ സംസാരിക്കുന്നു. അന്തര്‍ദേശീയ മനുഷ്യാവകാശദിനം നാം ആചരിക്കുമ്പോള്‍ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്തുകയാണ്.
ഫലസ്തീനിലെ അധിനിവേശ ഭൂമിയില്‍ കൊച്ചുകുട്ടികള്‍ സയണിസ്റ്റ് ഭീകരരാല്‍ വെടിയേറ്റു മരിക്കുന്നത് നിത്യസംഭവമാണ്. രക്തദാഹികളായ സിറിയന്‍ സൈന്യം കുട്ടികളെയും സ്ത്രീകളെയും ബാരല്‍ ബോംബ് കൊണ്ട് കൊല്ലുന്നു. ഇറാഖില്‍ സുന്നിയോ ശിയയോ ആയതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ ക്രൂരമായ ജയില്‍പീഡനത്തിനും കൊലയ്ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ പാവങ്ങള്‍ ജയിലറയ്ക്കുള്ളിലാവുകയോ തോക്കിനിരയാവുകയോ ചെയ്യുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വികസനത്തിന്റെ പേരില്‍ പാവങ്ങള്‍ ചേരിയിലേക്കു മാറ്റപ്പെടുന്നു. കുത്തക ബാങ്കുകള്‍, മൈനിങ് കമ്പനികള്‍, പട്ടാളം, കോടതി, ജയിലുകള്‍ തുടങ്ങിയവയിലൂടെ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. നമ്മുടെ രാജ്യവും വ്യത്യസ്തമല്ല.
അവകാശലംഘനങ്ങളുടെ ആദ്യത്തെ ഇരകള്‍ കുട്ടികളും സ്ത്രീകളുമാണ്. 1984 ഡല്‍ഹി, 1992-1993 മുംബൈ, 2002 ഗുജറാത്ത് എന്നീ കലാപങ്ങളില്‍ ആദ്യം ആക്രമിക്കപ്പെട്ടത് സ്ത്രീകളാണ്. നമ്മുടെ മാതൃരാജ്യം കാലഘട്ടത്തിലെ നിര്‍ണായകമായ പരീക്ഷണങ്ങളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത് എന്ന വസ്തുത നാം വിസ്മരിക്കരുത്. കുത്തകകളുടെ സമ്പത്തു കൊണ്ടും പ്രചാരണതന്ത്രങ്ങളിലൂടെയും അധികാരത്തിലെത്തിയ വിഭാഗീയ ശക്തികള്‍ ഭൂരിപക്ഷ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അനീതികള്‍ക്കെതിരായി ദേശവ്യാപകമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് നടത്തുന്ന ഈ കാംപയിനില്‍ നിങ്ങളും അണിചേരുക.

(നാഷനല്‍ വിമന്‍സ് ഫ്രണ്ട്  കേരള പ്രസിഡന്റാണ് ലേഖിക.) $
Next Story

RELATED STORIES

Share it