Editorial

സ്വാഗതാര്‍ഹമായ കോടതിവിധി

അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് കരിങ്കല്‍ ഖനനത്തിനു പാരിസ്ഥിതികാനുമതി ഇളവുചെയ്തുകൊണ്ട് 2015 ഒക്ടോബര്‍ 5നു കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ തീരുമാനം. സംസ്ഥാനത്ത് പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ കലക്ടര്‍മാരും ജിയോളജിസ്റ്റുകളും ഇക്കാര്യം ഉറപ്പാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതിയും ഹൈക്കോടതിയും നേരത്തേ നല്‍കിയ ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നു കോടതി നിരീക്ഷിച്ചു. എല്ലാ ഖനനങ്ങള്‍ക്കും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന മുന്‍ നിയമം ഈ കോടതിവിധിയിലൂടെ പുനസ്ഥാപിക്കപ്പെടും. കേരളത്തിലെ ഐക്യമുന്നണി സര്‍ക്കാരിന്റെ തീര്‍ത്തും ജനവിരുദ്ധമായ ഒരു നീക്കത്തെയാണ് സുപ്രധാനമായ ഈ വിധിയിലൂടെ ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ സമൃദ്ധമായ തീരങ്ങളും നീണ്ട മലനിരകളും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കാലാവസ്ഥാ നിര്‍ണയത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ പാരിസ്ഥിതിക സവിശേഷതകളാണ് കേരളത്തെയും കേരളത്തിന്റെ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണം സംസ്ഥാനത്തെ ജനങ്ങളുടെയും ഭരണകൂടങ്ങളുടെയും കേവലമൊരു ധാര്‍മിക ബാധ്യത മാത്രമല്ല, സ്വന്തം നിലനില്‍പു കൂടിയാണ്.
നിര്‍ണായകമായ ഇത്തരം വിഷയങ്ങളില്‍ പോലും പ്രതിബദ്ധതയുടെ മാനവിക മുഖം പ്രകടിപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്കാവുന്നില്ലെന്ന ദുഃഖസത്യമാണ് മുകളില്‍ സൂചിപ്പിച്ച സര്‍ക്കാര്‍ വിജ്ഞാപനം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ മലയോരങ്ങളില്‍ നടത്തുന്ന കരിങ്കല്‍ ഖനനങ്ങള്‍ വമ്പിച്ച പാരിസ്ഥിതിക പക്ഷാഘാതങ്ങള്‍ ഉളവാക്കിത്തുടങ്ങിയിരിക്കുന്നു. മയ്യഴിപ്പുഴയുടെ പ്രധാന കൈവഴികളിലൊന്ന് അനതിവിദൂര ഭാവിയില്‍ അപ്രത്യക്ഷമായേക്കുമെന്ന ഭീതി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഇത്തരം പാരിസ്ഥിതിക ആഘാതങ്ങള്‍ കേരളത്തില്‍ നടപ്പാക്കപ്പെടുന്ന ഓരോ പദ്ധതികളെത്തുടര്‍ന്നും ഉയര്‍ന്നുവരുകയാണ്.
വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ഭരണകൂടങ്ങള്‍ ചിന്തിക്കുന്നതായി കാണുന്നില്ല. അഞ്ചു ഹെക്ടറില്‍ താഴെയുള്ള സ്ഥലങ്ങളിലെ ഖനനങ്ങള്‍ക്ക് പാരിസ്ഥിതികമായ നിയമങ്ങളില്‍ ഇളവു പ്രഖ്യാപിക്കുന്നതിലെ ദുഷ്ടലാക്കുകള്‍ ആര്‍ക്കും മനസ്സിലാവും. അത്രയും ഭൂപ്രദേശങ്ങള്‍ പാറക്കെട്ടുകളോടെ വിഴുങ്ങിക്കഴിഞ്ഞാല്‍ അടുത്തുള്ള അത്രയും ഭൂമി രണ്ടാമതൊരു ഘട്ടത്തില്‍ വിഴുങ്ങാന്‍ നിയമപരമായ തടസ്സമൊന്നുമില്ല. അതായത്, ഒന്നായി വിഴുങ്ങുന്നതിനു പകരം ഘട്ടംഘട്ടമായി ആവാമെന്ന പഴുതാണ് ക്വാറിമാഫിയകള്‍ക്കു വേണ്ടി വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it