kozhikode local

സ്വര്‍ണ വിഗ്രഹത്തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: എട്ടുവീട്ടില്‍ പിള്ളമാരുടെ സ്വര്‍ണ വിഗ്രഹമാണെന്ന് തെറ്റിധരിപ്പിച്ചു ഒമ്പത് ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പോലീസ് പിടിയില്‍. തിരുവന്തപുരം നേമം നടുവം പ്ലാവില ഇടത്തട്ടില്‍ കാള ബഷീര്‍(64), അരുവിക്കര അഴീക്കോട് ഊറ്റുകുഴി മുകളില്‍ റഷീദ്(54) എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി സിഐ എംഡി സുനിലും സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് തിരുവമ്പാടി സ്വദേശി അഷ്‌റഫ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ തീര്‍ത്ഥയാത്ര പോയപ്പോള്‍ അവിടെ നിന്നും ഇരുവരെയും പരിചയപ്പെട്ടു. തങ്ങള്‍ തിരുവനന്തപുരം സ്വദേശികളാണെന്നും എട്ടുവീട്ടില്‍ പിള്ളമാരുടെ സ്ഥലത്ത് ഇപ്പോള്‍ വീട് വച്ചു താമസിച്ചു വരികയാണെന്നും ബഷീറിനെ ധരിപ്പിച്ചു.
പറമ്പ് കിളക്കുന്നതിനിടയില്‍ സ്വര്‍ണ വിഗ്രഹം കിട്ടിയെന്നും ഉദ്ദേശം പത്ത് ലക്ഷത്തിലധികം രൂപ വില—കിട്ടുമെന്നും അറിയിച്ചു. ഏര്‍വാടിയില്‍ നിന്നും ഇവരുടെ മൊബൈല്‍ നമ്പറും മറ്റും വാങ്ങിപ്പോന്ന അഷ്‌റഫ് പണമില്ലാത്തതിനാല്‍ തിരുവമ്പാടി സ്വദേശി ഔസേപ്പച്ചനുമായി സംസാരിച്ചു. രണ്ടുപേരും കൂടി പണം മുടക്കാമെന്ന തീരുമാനിച്ചു. ഇതുപ്രകാരം റഷീദും ബഷീറും വിഗ്രഹവുമായി തിരുവമ്പാടിയിലെത്തി കാണിച്ചു. സാമ്പിളായി ഒരുകഷ്ണം പൊട്ടിച്ചു തട്ടാനെ കൊണ്ട് പരിശോധിപ്പിച്ചു. സ്വര്‍ണമാണെന്ന് ബോധ്യമായതിനാല്‍ ഒമ്പത് ലക്ഷം രൂപക്ക് നിധി കച്ചവടമുറപ്പിക്കുകയും ചെയ്തു.
ആറ് ലക്ഷം രൂപ നേരിട്ടു നല്‍കി. ബാക്കി മൂന്ന് ലക്ഷം രൂപ ബഷീറിന്റെ അക്കൗണ്ടില്‍ ഇട്ടു. നിധി തിരുവന്തപുരത്ത് നിന്നും കൈമാറാമെന്ന് പറഞ്ഞു പിരിഞ്ഞു. തുടര്‍ന്ന് ആലപ്പുഴയിലെ ലോഡ്ജില്‍ വെച്ച നിധി അടങ്ങിയ സ്യൂട്ട് കേസ് പ്രതികള്‍ ഔസേപ്പച്ചനും അഷ്‌റഫിനും നല്‍കി. നാട്ടിലെത്തി വിഗ്രഹം പരിശോധിപ്പിച്ചതില്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഔസേപ്പച്ചന്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവമ്പാടി എസ്‌ഐ സനല്‍ രാജ്, എഎസ്‌ഐ ഉസൈന്‍, ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡിലെ എഎസ്‌ഐ സുരേഷ്, സിപിഒ ഷിബിന്‍ ജോസഫ് എന്നിവര്‍ തിരുവന്തപുരത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. തട്ടിപ്പു നടത്താനായി തയ്യാറാക്കി വെച്ച നിരവധി വ്യാജ സ്വര്‍ണ വിഗ്രഹങ്ങളും മൂന്ന് ലക്ഷം രൂപയും ഇവരില്‍ ന്നിനും കണ്ടെടുത്തു. ഒന്നാം പ്രതി കാള ബഷീര്‍ നിരവധി കള്ളനോട്ട് കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it