Alappuzha local

സ്വര്‍ണവും മൊബൈലും പിടിച്ചുപറിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍



ഹരിപ്പാട്: നാലംഗ പിടിച്ചുപറി സംഘത്തിലെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം ഈരേഴ വടക്ക് കാട്ടില്‍ പറമ്പ് തെക്കതില്‍ ഷിനുവി(22)ന്റെ രണ്ടുപവന്റെ സ്വര്‍ണമാലയും 25,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടിച്ചുപറിച്ച സംഭവത്തിലാണ് മൂന്നു പേരെ പിടികൂടിയത്. ചെറുതന പുത്തന്‍വീട്ടില്‍ ഓംകാര്‍ (22), ഉദപ്പുഴ വീട്ടില്‍ അനന്ദു (20), കാര്‍ത്തികപ്പള്ളി അന്‍പായില്‍ ഷൈന്‍ തോമസ് (19) എന്നിവരെയാണ് സിഐ ടി മനോജ്, എസ്‌ഐ കെജി രതീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ അഞ്ജൂ, അനീഷ്, ശ്രീകുമാര്‍,സാഗര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മൂതുകുളം സ്വദേശി അഖിലിനെയാണ് ഇനി പിടികൂടാനുള്ളത്. ചെറുതന ജങ്ഷനില്‍ നിന്നു രണ്ടു പേരെയും ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റ് പരിസരത്തു നിന്നു ഒരാളെയുമാണ് പിടിച്ചത്. ഞായറാഴ്ച താമല്ലാക്കല്‍ ഭാഗത്ത് ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന ഷിനുവിനെ ഒരാള്‍ സംസാരിച്ച് സൗഹൃദത്തിലാക്കി. രാത്രി 7.30 ന് പ്രലോഭിപ്പിച്ച് കരുവാറ്റ ഹൈസ്‌കൂള്‍ ഭാഗത്തേക്ക് ബൈക്കില്‍ കൊണ്ടു പോയി. അവിടെ മൂന്നു പേര്‍ ഇവരെ കാത്തു നിന്നിരുന്നു. ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി നാലുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു.സംഭവ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപെട്ടു. വീട്ടിലെത്തിയ ഷിനു മാനനഷ്ടം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ല. എന്നാല്‍ മാലയും ഫോണും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്്. പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്. സമാനമായ നിരവധി സംഭവങ്ങളില്‍ നാല്‍വര്‍ സംഘം പ്രതികളാണെന്നും എന്നാല്‍ ആരും പരാതി നല്‍കാതിരുന്നതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു നടക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it