സ്വര്‍ണമാല മോഷണം: ആറംഗസംഘം പിടിയില്‍

കൊച്ചി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറിലധികം പവന്റെ സ്വര്‍ണമാലകള്‍ മോഷ്ടിച്ച ആറംഗസംഘം കൊച്ചി പോലിസിന്റെ പിടിയില്‍. ഇടപ്പള്ളി സ്വദേശികളായ വിഷ്ണു അരവിന്ദ്(27), കണ്ടങ്ങാക്കുളത്ത് അജിത്(23), അര്‍ജുന്‍ ഹരിദാസ്(20) താനൂര്‍ സ്വദേശി ഇമ്രാന്‍ഖാന്‍(31), ഓണക്കൂര്‍ സ്വദേശി ദേവരാജ്(36), കാക്കനാട് സ്വദേശി ഷിഹാബ്(25) എന്നിവരാണ് കൊച്ചി സിറ്റി പോലിസിന്റെ പിടിയിലായത്.
ഇവരുടെ അറസ്‌റ്റോടെ കൊച്ചി നഗരത്തിലെ മാത്രം 136 മാലമോഷണക്കേസുകള്‍ തെളിഞ്ഞതായും 38 കേസുകളിലെ 50 പവന്‍ സ്വര്‍ണം കണ്ടെത്തിയതായും 18 കേസുകളിലെ സ്വര്‍ണം എവിടെയുണ്ടെന്ന സൂചന ലഭിച്ചതായും കൊച്ചി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പി ഹരിശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇമ്രാന്‍ഖാന്‍, വിഷ്ണു എന്നിവര്‍ ഒരു സംഘമായും അര്‍ജുന്‍, അജിത് എന്നിവര്‍ മറ്റൊരു സംഘമായുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരുസംഘത്തില്‍നിന്നും ദേവരാജനും ഷിഹാബും സ്വര്‍ണം വാങ്ങിയിരുന്നു. പിറവത്തെ ജ്വല്ലറിയുടമയാണു ദേവരാജന്‍. ഷിഹാബ് കാക്കനാട്ടെ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചശേഷമാണു വില്‍പന നടത്തിയിരുന്നത്.
പ്രതികള്‍ മാലമോഷണത്തിന് ഉപയോഗിച്ച ആറു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം മോഷ്ടിച്ചതാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ഒന്നിന് ചേരാനെല്ലൂര്‍ കുന്നംപുറത്ത് ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന അധ്യാപികയുടെ മാല ഇമ്രാന്‍ഖാന്‍ ബൈക്കിലെത്തി പൊട്ടിച്ചതാണ് സംഘം കുടുങ്ങാന്‍ ഇടയാക്കിയത്. ട്രാഫിക് പോലിസിന്റെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍നിന്നു പ്രതിയുടെ ബൈക്ക് പോലിസ് തിരിച്ചറിഞ്ഞു. നഗരത്തിലെ വര്‍ക്‌േഷാപ്പില്‍നിന്ന് ബൈക്ക് കണ്ടെത്തി. ബൈക്കിന്റെ എന്‍ജിന്‍ നമ്പര്‍ ഉള്‍പ്പെടെ വ്യാജമായിരുന്നെങ്കിലും വര്‍ക്‌ഷോപ്പില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് മഞ്ചേരിയില്‍നിന്ന് ഇമ്രാന്‍ഖാനെ ഷാഡോ എസ്‌ഐ വി ഗോപകുമാര്‍ പിടികൂടുകയായിരുന്നു.
ഇമ്രാന്‍ഖാന്റെ മൊഴിയാണു മറ്റുള്ളവരെ കുടുക്കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസി ബാബുകുമാര്‍, തൃക്കാക്കര എസി ബിജോ അലക്‌സാണ്ടര്‍, തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തില്‍ എസ്‌ഐ വി ഗോപകുമാറിനെ കൂടാതെ, എസ്‌ഐ നിത്യാനന്ദ പൈ, എഎസ്‌ഐ ജബ്ബാര്‍, സീനിയര്‍ സിപിഒ അനസ്, സിപിഒമാരായ ആന്റണി, രഞ്ജിത്, യൂസഫ്, ജയരാജ്, വിനോജ്, വിശാല്‍, ഷാജി, വേണു, ഉണ്ണികൃഷ്ണന്‍, രാഹുല്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it