kasaragod local

സ്വര്‍ണത്തിന് നിറംകൂട്ടാനെന്ന പേരില്‍ തട്ടിപ്പ്: അഞ്ചംഗസംഘം അറസ്റ്റില്‍

തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണത്തിന് നിറം കൂട്ടാനെന്ന വ്യാജേന ആസിഡ് ഉപയോഗിച്ച് സ്വര്‍ണം ഉരുക്കിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ അശോക് കുമാര്‍ ഉര്‍ഫ് പപ്പു (36), തരുണ്‍ കുമാര്‍ (29), ബാബുല്‍ കുമാര്‍ (24), അശോക് സാഹ് (35), ബിസോ സാഹ് (32) എന്നിവരെയാണ് ചന്തേര പോലിസ് അറസ്റ്റ് ചെയ്യ്തത്.
സംഘത്തിലെ മറ്റു മൂന്നുപേര്‍ കസ്റ്റഡിയിലാണ്. മാവിലാക്കടപ്പുറത്തെ കെ പി ബാബു, പടന്ന വടെക്കകാട്ടിലെ രാഗി എന്നിവരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. മാവിലാകടപ്പുറത്തും മാടക്കാലിലും വീട്ടമ്മമാര്‍ വഞ്ചിക്കപ്പെട്ടതോടെയാണ് രണ്ടുപേരെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയത്. സംഘം പിടിയിലായന്ന് വാര്‍ത്ത പരന്നതോടെ വലിയപറമ്പ്, മാവിലാകടപ്പുറം, തെക്കെക്കാട് മേഖലയില്‍ നിന്നു  എട്ട് പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ബീഹാറില്‍ നിന്നു കഴിഞ്ഞ ഡിസംബറില്‍ കണ്ണൂര്‍ കാളിക്കാവിലെത്തിയ സംഘം ലോഡ്ജില്‍ തങ്ങിയാണ് തട്ടിപ്പ് നടത്തി വരുന്നത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്നു സ്വര്‍ണം അലിയിക്കുന്ന ആസിഡ് ലായനിയും ഉരുക്കിയ നിലയിലുള്ള അമ്പത് ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ഒരോ ദിവസവും ലായിനിയില്‍ നിന്നും സ്വര്‍ണം വേര്‍പ്പെടുത്തി ജ്വല്ലറികളില്‍ വില്‍പന നടത്തുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു. ആസിഡില്‍ കെമിക്കല്‍ ചേര്‍ത്ത് കഴുകിയെടുത്താല്‍ മുക്കാല്‍ പവന്‍ സ്വര്‍ണം ആഭരണത്തില്‍ കുറയും. സ്വര്‍ണം നിറംകൂട്ടാന്‍ സ്ത്രീകള്‍ ഇവരുടെ കൈയില്‍ കൊടുത്താല്‍ അത് ഇവര്‍ പത്ത് മിനിറ്റ് കഴിഞ്ഞ് തിരിച്ചുകൊടുക്കും.
ആഭരണം അരമണിക്കൂര്‍ ശേഷം മാത്രമേ ധരിക്കാനോ തൊടാനോ പാടുള്ളുവെന്നും അല്ലാത്ത പക്ഷം അലര്‍ജി ബാധിക്കുമെന്നും ഇവര്‍ സ്ത്രീകളെ ധരിപ്പിക്കും. ഒരു ആഭരണത്തിന് കൂലിയായി പത്ത് രൂപ വാങ്ങി ഇവര്‍ കടന്നുകളയുകയാണ് പതിവ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണ്ണൂര്‍ ശാഖ വഴി അമ്പതിനായിരം രൂപ വീതം പ്രതികളില്‍ രണ്ടുപേര്‍ ബീഹാറിലേക്ക് അയച്ചതായുള്ള രേഖകളും പോലിസ് കണ്ടെത്തി.
Next Story

RELATED STORIES

Share it