Flash News

സ്വര്‍ണക്കവര്‍ച്ചയ്ക്ക് തൃശൂരിലെത്തിയ സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍



തൃശൂര്‍: സ്വര്‍ണക്കവര്‍ച്ച ലക്ഷ്യമിട്ട് തൃശൂരിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിലെ രണ്ടു പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശികളായ നരേഷ്‌കുമാര്‍ (24), കൃഷ്ണപാല്‍ എന്ന് വിളിക്കുന്ന അരവിന്ദ് (26) എന്നിവരാണ് അറസ്റ്റിലായത്. നരേഷ്‌കുമാര്‍ ഏഴ് കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്നും കവര്‍ച്ചാ സംഘത്തിലെ കൂട്ടാളികളും രാജസ്ഥാന്‍ സ്വദേശികളുമായ അമര്‍സിങ്, മോന്റു എന്നിവരെ പിടികൂടാനുണ്ടെന്നും തൃശൂര്‍ ഈസ്റ്റ് പോലിസ് പറഞ്ഞു. രണ്ട് വര്‍ഷമായി ജയിലിലായിരുന്ന നരേഷ്‌കുമാര്‍ കഴിഞ്ഞ ഏപ്രില്‍ അവസാന വാരമാണ് മോചിതനായത്. സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രണ്ട് ഇരുമ്പു പൈപ്പുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും 45,000 രൂപയും പോലിസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ കൃഷ്ണപാലിന്റെ സുഹൃത്തായ അമര്‍സിങിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ തൃശൂരിലെത്തിയത്. അമര്‍സിങ് ഏതാനും വര്‍ഷം മുമ്പ് തൃശൂരിലെ പ്രമുഖ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ജോലിക്ക് നിന്നിട്ടുണ്ട്. രാജസ്ഥാനിലെ ഉദയംപേരൂരില്‍ നിന്ന് ഈമാസം 7ന് പുലര്‍ച്ചെ മോഷണം നടത്തിയ സാന്‍ട്രോ കാറിലാണ് സംഘം യാത്ര തിരിച്ചത്. തുടര്‍ന്ന് മുംബൈയിലെ കടയില്‍ നിന്ന് പ്രതികള്‍ 45000 രൂപ കവര്‍ന്നു. പിന്നീട് 16ന് ഗോവയിലെത്തിയ സംഘം അവിടെ നിന്ന് കാറിന്റെ രേഖകളും മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ രണ്ട് നമ്പര്‍ പ്ലേറ്റുകളും മോഷ്ടിച്ചു. 21ന് പട്ടാമ്പിയില്‍ എത്തി ലോഡ്ജില്‍ താമസിച്ചശേഷം 22ന് രാവിലെ തൃശൂരിലെത്തി. നഗരത്തിലെ ചെട്ടിയങ്ങാടിയിലെ ഒരു കടയില്‍ നിന്ന് ചെരിപ്പ് വാങ്ങിച്ചശേഷം ആ കടയിലെ പെന്‍ഡ്രൈവ് മോഷ്ടിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കവര്‍ച്ചാ സംഘം സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. പോസ്‌റ്റോഫിസ് റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലിസുകാരന്‍ ഓട്ടോയില്‍ ഇവരുടെ കാര്‍ പിന്തുടരുകയും ചൊവ്വാഴ്ച രാത്രിയോടെ പൂത്തോളില്‍ നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പി വാഹിദ്, സിഐ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it