സ്വര്‍ണക്കപ്പ് കൈവിടാതെ കോഴിക്കോട്

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: അനന്തപുരിക്ക് ഏഴു സുന്ദരനാളുകള്‍ സമ്മാനിച്ച കൗമാര കലാമാമാങ്കത്തിന് തിരശ്ശീല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു. കോഴിക്കോടിന്റെ തുടര്‍ച്ചയായ 10ാം കിരീടനേട്ടം.
കലോല്‍സവചരിത്രത്തില്‍ 17 തവണ ജേതാക്കളാവുന്ന ബഹുമതിയും അവര്‍ക്ക് സ്വന്തം. അപ്പീലുകള്‍ സൃഷ്ടിച്ച ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവില്‍ ഫോട്ടോ ഫിനിഷില്‍ പാലക്കാടിന് അടിതെറ്റുകയായിരുന്നു. 919 പോയിന്റാണ് കോഴിക്കോടിന്റെ സമ്പാദ്യം. പാലക്കാട് 914 പോയിന്റും നേടി. 908 പോയിന്റോടെ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
ആതിഥേയരായ തിരുവനന്തപുരം 837 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. മേളയുടെ ആദ്യദിനം മുതല്‍ പാലക്കാടിന്റെ മുന്നേറ്റമായിരുന്നു. എന്നാല്‍, അഞ്ചാംനാളില്‍ കോഴിക്കോട് ലീഡ് നേടി.
മൂന്ന് ഹയര്‍ അപ്പീലുകള്‍ അനുകൂലമായതാണ് കോഴിക്കോടിന് തുണയായത്. ഇന്നലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോഴും കോഴിക്കോട് തന്നെയായിരുന്നു മുന്നില്‍. എന്നാല്‍, അഞ്ച് ഹയര്‍ അപ്പീലുകള്‍ പരിഗണനയിലുണ്ടായിരുന്നത് അവസാന നിമിഷം വരെ പാലക്കാടിന് പ്രതീക്ഷ നല്‍കി.
സമാപന സമ്മേളനത്തിന് തൊട്ടുമുമ്പ് ഇതില്‍ നാലെണ്ണം തള്ളിയതോടെ കോഴിക്കോട് കിരീടമുറപ്പിച്ചു. കഴിഞ്ഞ തവണ പാലക്കാടും കോഴിക്കോടും സംയുക്ത ജേതാക്കളായിരുന്നു. ഇന്നലെ വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. സിനിമാതാരം നിവിന്‍പോളി വിശിഷ്ടാതിഥിയായി.
Next Story

RELATED STORIES

Share it