kozhikode local

സ്വര്‍ണക്കടത്ത്: ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 4.77 കിലോഗ്രാം സ്വര്‍ണവും ഒപ്പം അഞ്ചുപേരും പിടിയിലായ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ജ്വല്ലറി ഉടമ നജ്മുദ്ദീ(30)ന്റെ  വീട്ടിലാണ് ഇന്നലെ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് പരിശോധന നടത്തിയത്. നേരത്തെ പിടിയിലായ അബ്ദുള്‍ ലത്തീഫിന്റെ മൊഴിയില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ എത്തിച്ചുകൊടുത്തത് നജ്മുദ്ദീനിനായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് അധികൃതരുടെ റെയ്ഡ്. ഇതേ കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞ ലത്തീഫുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്. മുഖ്യപ്രതി മടവൂര്‍ കാളാങ്ങല്‍ വീട്ടില്‍ ഷംസീര്‍(35) പിടിയിലായാല്‍ സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെ കുറിച്ചും കൂടുതല്‍ അറിയാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ഇയാള്‍ക്കു വേണ്ടി താമരശേരി, പരപ്പുംപൊയില്‍, മടവൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. ഷംസീറിന്റെ സംഘാംഗങ്ങളായ ഏഴ് പേരാണ് ഇക്കഴിഞ്ഞ ദിവസം കേസില്‍ പിടിയിലായത്. ഷംസീറുള്‍പ്പെടെ മൊത്തം എട്ട് പേരാണുളളത്.
Next Story

RELATED STORIES

Share it