kozhikode local

സ്വര്‍ണക്കടത്ത് ഏജന്റിന്റെ വധശ്രമം: ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏജന്റ് കൊടുവള്ളി മാനിപുരം സ്വദേശി തലപ്പടിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാനുവിനെ(21) വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
താമരശ്ശേരി കുടുക്കിലമ്മാരം കുടുക്കില്‍ വീട്ടില്‍ അഷ്‌റഫ് (38) ആണ് പിടിയിലായത്. ഇന്നലെ രാവിലെ നടക്കാവ് സിഐ പ്രകാശന്‍ പടന്നയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും 15 പേരെ കൂടി പിടികൂടാനുണ്ട്. കുടുക്കില്‍ വീട്ടില്‍ റഹീമും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെട്ട 20 അംഗസംഘമാണ് മുഹമ്മദ് ഷാനുവിനെ കഴിഞ്ഞ സപ്തംബര്‍ 25ന് ബീച്ച് ആശുപത്രിക്ക് സമീപം വച്ച് ആക്രമിച്ചത്. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ ഏഴുകളത്തില്‍ വീട്ടില്‍ നംഷീദ്(27), കാറ്റാടികുന്ന് ഷാഫിര്‍(25), അറക്കല്‍ എ ടി നിജാസ് (24) താമരശ്ശേരി സ്വദേശി അനസ് എന്നിവരെയാണ് നേരത്തെ പിടികൂടിയത്.
അക്രമികള്‍ സഞ്ചരിച്ച മൂന്ന് കാറുകള്‍ ലഭിക്കാനുണ്ട്. രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണം കള്ളക്കടത്ത് കേസില്‍ പിടികിട്ടാനുള്ള കുടുക്കില്‍ റഹീമിന്റെ സംഘാംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് വാഹകനായി പ്രവര്‍ത്തിച്ച ആളാണ് മുഹമ്മദ് ഷാനുവെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ സപ്തംബര്‍ 25 നാണ് ഇയാള്‍ ആക്രമണത്തിനിരയായത്.
കൊടുവള്ളിയില്‍ വച്ച് സംഘാംഗങ്ങളുടെ ആക്രമണത്തി ല്‍ പരുക്കേറ്റ ഇയാള്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങവെ ഭട്ട് റോഡില്‍ വച്ച് വീണ്ടും ആക്രമണത്തിനിരയാവുകയായിരുന്നു.
ബംഗളുരുവില്‍ ഇയാള്‍ക്കെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്ന് വെള്ളയില്‍ പോലിസ് അധികൃതര്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് റഹീം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സഹായമൊന്നും ചെയ്യാതിരുന്നപ്പോള്‍ സ്വര്‍ണം കള്ളക്കടത്ത് വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുമെന്ന് മുഹമ്മദ് ഷാനു സംഘാംഗങ്ങളോട് പറഞ്ഞതിന്റെ വിരോധത്താലാണ് ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it