kozhikode local

സ്വര്‍ണക്കടത്തു കേസില്‍ കാരാട്ട് ഫൈസലിന് 38 ലക്ഷം പിഴ

കോഴിക്കോട്: നാലുവര്‍ഷം മുമ്പ് കോഴിക്കോട് വിമാനത്താവളം വഴി ആറു കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയായ കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് 38 ലക്ഷം രൂപ പിഴയിട്ടു. കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടേതാണ് നടപടി.
കേസിലെ മറ്റ് പ്രതികളായ വി എസ് ഹിരോമോസ സെബാസ്റ്റ്യന് 27 ലക്ഷവും രാഹില ചെറായിക്ക് 38 ലക്ഷവും ഷഹബാസിന് 48 ലക്ഷവും ഒളിവില്‍ കഴിയുന്ന പ്രതി അബുലൈസിന് 38 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. 2013 നവംബറില്‍ സ്വര്‍ണം കടത്തിയ കേസിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കേസെടുത്തത്. രണ്ടു മാസം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയുമായി കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ കയറിയത് വിവാദമായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടേതാണ് കാര്‍ എന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രാദേശിക പാര്‍ട്ടി നേതൃത്വം ഒരുക്കിയ വാഹനത്തില്‍ സഞ്ചരിക്കുകയാണുണ്ടായതെന്നുമാണ് കോടിയേരി വിശദീകരണം നല്‍കിയത്. കേസിലെ ഒന്നാംപ്രതി ഷഹബാസിന്റെ നേതൃത്വത്തില്‍ സംഘം ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി 39 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐ ക്ക് ലഭിച്ച വിവരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വി എസ് ഹിരോമോസ സെബസ്റ്റ്യനും സുഹൃത്ത് രാ ഹില ചെറായിയുമാണ് അന്ന് കസ്റ്റംസിന്റെ പിടിയിലായത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തത്.
കേസിലെ രണ്ടാം പ്രതി അബുലൈസ് ഇപ്പോഴും ഒളിവിലാണ്. ഡിആര്‍ഐ നേരത്തെ കേസ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസിന് കൈമാറിയിരുന്നു. പ്രതികളെ വിളിച്ചു വരുത്തി ഹിയറിങ് നടത്തിയ ശേഷമാണ് പിഴയിട്ടത്. പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് പരാതി നല്‍കും.
Next Story

RELATED STORIES

Share it