thrissur local

സ്വരാജ് റൗണ്ട് വെള്ളക്കെട്ടിലായി ; നഗരത്തിലെ മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമായില്ല



തൃശൂര്‍: നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാവാത്തത് ദുരിതം വിതയ്ക്കുന്നു. മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്ന നഗരത്തില്‍ വെള്ളക്കെട്ടും ദുരിതമാവുകയാണ്. കാനകളും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തോടുകളും ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കാന്‍ ഇടയാക്കുന്നത്.  തേക്കിന്‍കാട് മൈതാനത്തെ വെള്ളം ഭൂഗര്‍ഭ കാനകളിലേക്കൊഴുകാതെ പ്രദക്ഷിണവഴിയിലേക്കിറങ്ങുന്നും വെള്ളക്കെട്ടിന് കാരണമാക്കുന്നുണ്ട്. വെള്ളം കാനകളിലേക്കൊഴുക്കിവിട്ട് വെള്ളക്കെട്ട് ഒഴിവാക്കാമെങ്കിലും ഈ വര്‍ഷം റൗണ്ടില്‍ കോര്‍പറേഷന്റെ നടപടിയുണ്ടായില്ല. ആശുപത്രി ജങ്ഷന്‍ കടുത്ത വെള്ളക്കെട്ടിലാണ്. വെള്ളം കാനകളിലേക്കൊഴുകാതെ ഹൈറോഡ് നിറഞ്ഞൊഴുകുകയാണ്. വടക്കേ പ്രദക്ഷിണവഴി ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടിലാണ്. മൈതാനത്തുനിന്നുള്ള മുഴുവന്‍ വെള്ളവും കാനകളിലേക്കൊഴുകാതെ റോഡിലേക്കു ഇറങ്ങുകയാണ്. നടുവിലാലിലും വെള്ളം കാനകളിലേക്കൊഴുകാതെ എംജി റോഡ് നിറഞ്ഞ് പുഴപോലെയാണ് ഒഴുക്കുന്നത്. ആസൂത്രിത ജലനിര്‍ഗമന സംവിധാനമുള്ള തേക്കിന്‍കാട്ടിലെ കാനകള്‍ സ്വരാജ് റൗണ്ടിന് കുറുകെയുള്ള ഭൂഗവര്‍ഭകാനകളിലേക്ക് ഒഴുക്കാനുള്ള തടസ്സം നീക്കിയാല്‍ മാത്രം സ്വരാജ് റൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാമെങ്കിലും കോര്‍പ്പറേഷന്‍ നടപടി ഉണ്ടായിട്ടില്ല.ആശുപത്രി ജങ്ഷനില്‍ സ്ഥിരം വെള്ളക്കെട്ടില്ലാണ്. രാജന്‍ പല്ലന്‍ മേയറായിരിക്കേ തേക്കിന്‍കാട്ടിലെ വെള്ളം കോളജ് റോഡിലേക്കുള്ള ഭൂഗര്‍ഭ കാനയിലേക്കു വഴിതിരിച്ചുവിട്ടതോടെ കഴിഞ്ഞ മൂന്ന് വര്‍ഷം വെള്ളക്കെട്ടുണ്ടായില്ല. സ്ഥലത്തെ കാനകള്‍ മൂടിപോയതാണ് ഇത്തവണ വെള്ളക്കെട്ടിന് കാരണം. ഈ പ്രദേശത്തെ തേക്കിന്‍കാട്ടിലെ കാനകളിലെ മണ്ണ് നീക്കം ചെയ്ത് വെള്ളം റോഡിലിറങ്ങുന്നത് ഒഴിവാക്കിയാല്‍ തന്നെ പ്രശ്‌നം പരിഹരിക്കാനാവും.വടക്കേ പ്രദക്ഷിണ വഴിയില്‍ തേക്കിന്‍കാടിനകത്ത് ഒരു വെള്ളച്ചാല്‍ കീറി നെഹ്‌റുപാര്‍ക്കിനടുത്തുള്ള രണ്ട് ഭൂഗര്‍ഭ കാനകളിലേക്കു വഴിതിരിച്ചുവിട്ടാല്‍ തന്നെ വടക്കേ പ്രദക്ഷിണവഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും. ഹൈറോഡ്, എം ഒ റോഡ്, കുറുപ്പംറോഡ് എന്നിവിടങ്ങളിലെ കാനകളും അടഞ്ഞ് കിടക്കുകയാണ്. മണ്ണ് നീക്കം ചെയ്യാന്‍ ഈ വര്‍ഷം നടപടി ഉണ്ടായില്ല.
Next Story

RELATED STORIES

Share it