Idukki local

സ്വരാജ്-കോവില്‍മല റോഡ് തകര്‍ന്നു

കട്ടപ്പന: സ്വരാജ് - കോവില്‍മല റോഡ് തകര്‍ന്നിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധം ശക്തം. കോവില്‍മല രാജാവിന്റെ ആസ്ഥാനമായ രാജപുരം ഉള്‍പ്പെടെയുള്ള മേഖലകളിലേക്കുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് വല്ലപ്പോഴും ടാര്‍ ചെയ്തിരുന്ന റോഡ് നാലുവര്‍ഷം മുന്‍പാണു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കിയത്.
അതിനുശേഷം റോഡ് പൊട്ടിപ്പൊളിഞ്ഞെങ്കിലും അറ്റകുറ്റപ്പണിക്കു നടപടി സ്വീകരിക്കുന്നില്ല. സ്വരാജ് മുതല്‍ രാജപുരം വരെയുള്ള അഞ്ചര കിലോമീറ്ററോളം ദൂരത്തെ ടാറിങ്ങാണ് തകര്‍ന്നത്. അതില്‍ സ്വരാജ് മുതല്‍ തുളസിപ്പടി വരെയുള്ള ഭാഗത്താണു കൂടുതല്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ജോലിക്കും മറ്റുമായി ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഒട്ടേറെ സര്‍വീസും നടത്തുന്നു. പള്ളിസിറ്റി മുതല്‍ തുളസിപ്പടി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും ശക്തമായ വെള്ളമൊഴുക്കില്‍ വലിയ തിട്ട രൂപപ്പെട്ടിരിക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഒരേസമയം ഇരുദിശകളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ്.  റോഡ് പൂര്‍ണമായി തകരുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്താനും ടാറിങ്ങിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് മഴവെള്ളപ്പാച്ചിലില്‍ ടാറിങ് തകരാനുള്ള സാഹചര്യം ഒഴിവാക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it