wayanad local

സ്വയം ആധാരമെഴുതിയ ജില്ലാ രജിസ്ട്രാര്‍ക്ക് വിമര്‍ശനം



കല്‍പ്പറ്റ: സ്വയം ആധാരം എഴുതുകയും ആധാരങ്ങള്‍ സ്വന്തമായി എഴുതാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത ജില്ലാ രജിസ്ട്രാര്‍ക്ക് ആധാരം എഴുത്തുകാരുടെ വിമര്‍ശനം. ജില്ലാ രജിസ്ട്രാറുടെ നടപടി ധിക്കാരവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ജെ ക്ലമന്റ്, ജില്ലാ പ്രസിഡന്റ് പി എം തങ്കച്ചന്‍, സെക്രട്ടറി പി കെ രാജന്‍, ഖജാഞ്ചി വി കെ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജില്ലാ രജിസ്ട്രാര്‍ സ്വയം എഴുതിയതെന്നു പറയുന്ന ആധാരത്തില്‍ മതിയായ ഫെയര്‍വാല്യു പോലും ചേര്‍ത്തിട്ടില്ല. വസ്തുവിന്റെ യഥാര്‍ഥ വില എന്തുകൊണ്ട് ആധാരത്തില്‍ കാണിച്ചില്ലെന്നു രജിസ്ട്രാര്‍ വ്യക്തമാക്കണം. സ്വയം ആധാരം എഴുതാന്‍ ആളുകളോട് ആഹ്വാനം ചെയ്യുന്ന അദ്ദേഹം ആധാരം എഴുത്തുകാരുടെ തൊഴിലില്‍ കടന്നുകയറുകയാണ്. രജിസ്‌ട്രേഷന്‍ വകുപ്പിലെ ആരെങ്കിലും ആധാരം എഴുതിയാല്‍ ശമ്പളം കൊടുക്കില്ലെന്നും വിമരിച്ചവര്‍ അങ്ങനെ ചെയ്താല്‍ പെന്‍ഷന്‍ നല്‍കില്ലെന്നും വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ പോലും വെല്ലുവിളിക്കുകയാണ് ജില്ലാ രജിസ്ട്രാര്‍. സംസ്ഥാനത്ത് സ്വയം എഴുതിയ ആധാരങ്ങള്‍ ഈടായി സ്വീകരിച്ച് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നില്ല. ഈ സാഹരച്യത്തില്‍ ആളുകളെ സ്വയം ആധാരമെഴുതാന്‍ അനുവദിക്കുന്ന നിയമം സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. എറൈസിങ് കേരളയുടെ ഭാഗമായി ആധാരമെഴുത്ത് മേഖല അഴിമതി മുക്തമാക്കണമെന്ന നിലപാട് അസോസിയേഷന്‍ സ്വീകരിച്ചിരിക്കെയാണ് രജിസ്ട്രാറുടെ ദ്രോഹനടപടി. ഇതു തുടര്‍ന്നാല്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കും- ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it