Kottayam Local

സ്വപ്‌നം സഫലമാവുമോ?; വൈകല്യത്തെ അതിജീവിച്ച് കായികതാരം അമീര്‍ഖാന്‍മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: വൈകല്യത്തെ വെല്ലുവിളികളിലൂടെ അതിജീവിച്ച് മെഡലുകള്‍ വാങ്ങിക്കൂട്ടുമ്പോഴും സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന ആശങ്കയോടെ അമീര്‍ഖാനെന്ന കായിക താരം. ഭിന്നശേഷിക്കാര്‍ക്കായി ഉത്തരാഖണ്ഡ് റാഞ്ചിയില്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുത്ത് കേരളത്തിനായി സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ഉള്‍പ്പെടെ മൂന്നു മെഡലുകളാണ് ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത ഈ യുവാവ് സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായി സ്വന്തമാക്കിയത്. മെഡലുകള്‍ ഓരോന്നായി നേടുമ്പോഴും കുടുംബ പശ്ചാത്തലം ഈ കായിക താരത്തിന്റെ സ്വപ്‌നങ്ങള്‍ക്കേറ്റ തിരിച്ചടിയായി മാറുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ലഭിച്ചാല്‍ മാത്രമേ ഇനി മുന്നോട്ട് പോവാന്‍ കഴിയൂ. ഇടുക്കിയിലെ കറുപ്പുപാലം കൊന്നാരത്ത് വീട്ടില്‍ അബ്ദുല്‍ റഹീം-ഷെരീഫ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനാണ് അമീര്‍ ഖാന്‍. ഒന്നു മുതല്‍ ഏഴു വരെ ഭിന്നശേഷിക്കാര്‍ പഠിക്കുന്ന കോട്ടയത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു പഠനം. ഇതിനിടയിലാണ് ഓട്ടമല്‍സര മോഹം ഉടലെടുത്തതും അധ്യാപകരുടെ സഹായത്തോടെ പരിശീലനം തുടങ്ങിയതും. കായിക മല്‍സരത്തോടൊപ്പം പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. കഠിന പരിശീലനത്തിലൂടെയാണ് ദേശീയ താരമായി മാറിയത്. കഴിഞ്ഞ ദിവസമാണ് റാഞ്ചിയില്‍ നടന്ന ഓട്ടമല്‍സരത്തില്‍ 400 മീറ്റര്‍ റിലേയില്‍ ഒന്നാം സമ്മാനമായ സ്വര്‍ണമെഡല്‍ നേടി. 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും നേടി. മലപ്പുറം വലിയപറമ്പയിലെ എബിലിറ്റി ഇന്‍സ്റ്റിറ്റൂട്ടിലെ കേള്‍വി ഇല്ലാത്തവര്‍ക്കായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ബികോം വിദ്യാര്‍ഥിയാണ് അമീര്‍ഖാന്‍. ഓട്ടമല്‍സരത്തോടൊപ്പം ഫുട്‌ബോളിലും മികച്ച പ്രകടമാണ് കാഴ്ച്ചവയ്ക്കുന്നത്. അബ്ദുല്‍ റഹീമിന്റെ ചെറിയ കച്ചവടത്തില്‍ നിന്നു ലഭിക്കുന്ന വരുമാനമാണു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ആകെയുണ്ടായിരുന്ന വീടിന്റെ അധാരം പണയപ്പെടുത്തിയാണു പിതാവ് മൂന്നു മക്കളുടെയും വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത്. അമീര്‍ഖാനു മൂത്തതും ഇളയതുമായി രണ്ടു സഹോദരിമാര്‍ ഉണ്ട്. നാളിതുവരെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ല. അമീര്‍ഖാനു വേണ്ടി വിവിധ രാഷട്രീയ പൊതു സംഘടനകള്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it