സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി ലാഫിസ് യാത്രയായി

കോഴിക്കോട്: പത്രപ്രവര്‍ത്തനം കേവലം ഒരു ജോലി മാത്രമല്ല നീതിക്കായുള്ള പോരാട്ടം കൂടിയാക്കണമെന്നുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി മുഹമ്മദ് ലാഫിസ് യാത്രയായി. മാധ്യമപ്രവര്‍ത്തനം സാമൂഹിക പ്രവര്‍ത്തനത്തിനുള്ള വേദികൂടിയാണെന്നുള്ള ബോധ്യത്തോടെയായിരുന്നു ലാഫിസ് ഈ രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍, പത്രപ്രവര്‍ത്തനരംഗത്ത് കാലുകുത്തിയ ശേഷം ലാഫിസിനെ രോഗങ്ങള്‍ ഓരോന്നായി കടന്നാക്രമിക്കുകയായിരുന്നു. തേജസിന്റെ കോഴിക്കോട് ബ്യൂറോയില്‍ ലേഖകനായും സബ് എഡിറ്ററായും വളരെ കുറഞ്ഞകാലം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സേവനം. എഴുത്തില്‍ ശ്രദ്ധയൂന്നിയുള്ള ജീവിതം കൊതിച്ച ലാഫിസിനെ അത്തരമൊരു ജീവിതത്തിലേക്ക് നടന്നുകയറാന്‍ വിധി അനുവദിച്ചില്ല.
പലപ്പോഴും ശയ്യാവലംബിയായി. ഏറെക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യാശുപത്രിയിലും ചികില്‍സ തേടി. രോഗം കടന്നാക്രമിച്ചു കൊണ്ടിരുന്നപ്പോഴും പ്രസന്നവദനനായി മാത്രമേ ലാഫിസിനെ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കാണാനായിരുന്നുള്ളൂ. രോഗത്തില്‍ നിന്നു മുക്തിനേടി ശക്തമായി മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് തിരിച്ചുകയറാനാവുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു ലാഫിസിന്. എന്നാല്‍, അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഒരു നാട്ടിന്‍പുറത്തുകാരന്റെ ലാളിത്യം ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനും ബഹുമാനപൂര്‍വമായ പെരുമാറ്റത്തിലൂടെ ഏവരുടേയും സ്‌നേഹം ആര്‍ജിച്ചെടുക്കാനും ചുരിങ്ങിയ കാലത്തിനിടെ ലാഫിസിന് കഴിഞ്ഞു.
പേരാമ്പ്ര കോവുപ്പുറത്ത് അബ്ദുല്‍ ലത്തീഫ്-നഫീസ ദമ്പതിമാരുടെ മകനാണ്. മുഹമ്മദ് ഹാഫിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് സാബിത്ത് എന്നിവരാണ് സഹോദരങ്ങള്‍.
നീതിപൂര്‍വവും സത്യസന്ധവുമായ വാര്‍ത്തകള്‍ എഴുതുക, സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക തുടങ്ങിയ സ്വപ്‌നങ്ങള്‍ ബാക്കിവച്ചുള്ള ലാഫിസിന്റെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും ബന്ധുമിത്രാധികള്‍ക്കും ഉണങ്ങാത്ത മുറിവായി.
മൃതദേഹം കോടേരിച്ചാല്‍ ടൗണ്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കരിച്ച ശേഷം പേരാമ്പ്ര പാണ്ടിക്കോട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it