wayanad local

സ്വന്തമായി നിര്‍മിച്ച പ്ലെയിനര്‍ മെഷീനുമായി ജോയി

മാനന്തവാടി: 20 വര്‍ഷം മുമ്പു സ്വന്തമായി നിര്‍മിച്ച ചിന്തേര് യന്ത്രവുമായി (പ്ലെയിനര്‍ മെഷീന്‍) ജോയിയുടെ ആശാരിപ്പണി തുടരുന്നു. വായ്പ നിഷേധിച്ച ബാങ്ക് മാനേജരോടുള്ള വാശിയിലാണ് പുല്‍പ്പള്ളി ചേലൂര്‍ ആറ്റുപുറത്ത് ജോയ് (50) സ്വന്തമായി യന്ത്രം നിര്‍മിച്ചത്. മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോയി ആശാരിപ്പണി സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നു. ജോലിക്കിടയില്‍ യാദൃശ്ചികമായാണ് കോഴിക്കോട് മുക്കത്ത് വച്ച് മരക്കഷ്ണങ്ങള്‍ പല അളവില്‍ രൂപപ്പെടുത്തിയെടുക്കുന്നതും അന്ന് അപൂര്‍വവുമായ പ്ലെയിനര്‍ മെഷീന്‍ കാണുന്നത്. മെഷീന്‍ വാങ്ങാമെന്ന ആഗ്രഹത്താല്‍ വായ്പക്കായി നാട്ടിലെ ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പ നിഷേധിച്ചു. ഈ വാശിയില്‍ നിന്നാണ് സ്വന്തമായി യന്ത്രം ഉണ്ടാക്കണമെന്ന ആഗ്രഹമുണ്ടായത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിന്‍ മരത്തിലാണ് യന്ത്രം നിര്‍മിച്ചത്. ഒരു വര്‍ഷം കൊണ്ട് ഇരുമ്പ് ഉപയോഗിച്ച് യന്ത്രം നിര്‍മിച്ചു. ആംഗ്ലര്‍, ഷീറ്റ്, ബൈക്ക് ഷോക്ക് അബ്‌സര്‍ബര്‍ ഷാഫ്റ്റ്, ഫ്രീ വീല്‍, ചെയിന്‍, സൈക്കിള്‍ ഫ്രീ വീല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. കുറച്ച് അധികച്ചെലവുകള്‍ ഉള്‍പ്പെടെ നാല്‍പതിനായിരത്തില്‍ താഴെയാണ് ചെലവ്. ആവശ്യമായ അളവില്‍ മരങ്ങള്‍ ഡിസൈന്‍ ചെയ്യാനും മുറിക്കാനും കഴിയും. വൈദ്യുതിയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. തടികള്‍ കഷ്ണങ്ങളാക്കുന്നതിന് മൂന്നു ബ്ലേഡുകളാണുള്ളത്. കൂടാതെ തടിയുടെ അളവിനനുസരിച്ച് ഉയരം കൂട്ടുന്നതിനും കുറക്കുന്നതിനുമുള്ള സംവിധാനവുമുണ്ട്. പൂര്‍ണമായി ഇരുമ്പില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ തന്നെ എത്ര ഭാരമുള്ള മര കഷ്ണങ്ങളും ഈ യന്ത്രത്തില്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, എവിടെയും എളുപ്പത്തില്‍ കൊണ്ടുപോവാനും കഴിയും. എന്നാല്‍, ഇന്നു കടകളില്‍ ലഭിക്കുന്ന ഒരു ലക്ഷത്തിനു മുകളില്‍ വിലയുള്ള പ്ലെയിനര്‍ മെഷീനില്‍ ഒരളവില്‍ കൂടുതല്‍ ഭാരമുള്ള മര കഷ്ണങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയില്ല. 20 വര്‍ഷത്തിനിടെ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തമിഴ്‌നാട്ടിലും ഈ യന്ത്രവുമായി ജോലി ചെയ്തിട്ടുണ്ട്. ഇത്രയും കാലയളവിനുള്ളില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും വേണ്ടിവന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. യന്ത്രം നിര്‍മിച്ചു നല്‍കാനും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ജെറീഷാണ് പ്രധാന സഹായി. ഭാര്യ റോസ്‌ലിയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്നതാണ് ജോയിയുടെ കുടുംബം.
Next Story

RELATED STORIES

Share it