സ്വന്തം മന്ത്രിമാരെ പരിഹസിച്ച് സിപിഐ ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി: കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വാ പോയ കോടാലിയാണെന്നും സിപിഐ പ്രതിനിധിസമ്മേളനം. സ്വന്തം മന്ത്രിമാരെ കണക്കിനു പരിഹസിച്ചാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കെതിരേ ഗൗരവതരമായ ആരോപണങ്ങളും പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ് ഭരണം നടത്തുന്നത്. റവന്യൂ, വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നതാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കുമെങ്കിലും പ്രതിനിധികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കുമെന്ന് ഉറപ്പായി. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന നേതാക്കള്‍ ജില്ലാ കമ്മിറ്റിയുടെ റിപോര്‍ട്ട് ഗൗരവത്തില്‍ തന്നെ പരിഗണിക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം എം മണിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രവര്‍ത്തന റിപോര്‍ട്ടും സമ്മേളത്തില്‍ അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്ര അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചെന്നും റിപോര്‍ട്ടിലുണ്ട്. പ്രചാരണത്തിലും ജനങ്ങളെ പങ്കെടുപ്പിക്കുന്നതിലും സിപിഎം ഒരു താല്‍പര്യവും കാണിച്ചില്ല. കാനത്തിന്റെ നേതൃത്വത്തിലുള്ള ജാഥ വിജയിക്കരുതെന്നു സിപിഎം ആഗ്രഹിച്ചത് സിപിഎം പ്രവര്‍ത്തകരുടെ പങ്കാളിത്തക്കുറവില്‍ നിന്നു വ്യക്തമായതാണ്. എം എം മണി സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ സിപിഐയെ മുഖ്യശത്രുവായി കാണുന്ന സമീപനമായിരുന്നു. ഒരു കാര്യവുമില്ലാതെ സിപിഐയെ ആക്രമിക്കാന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന പ്രശ്‌നം വരുമ്പോള്‍ സിപിഎമ്മിന്റെ, പ്രത്യേകിച്ച് മന്ത്രി എം എം മണിയുടെ മട്ടും ഭാവവും മാറുമെന്നും ജോയ്‌സ് ജോര്‍ജ് എംപിയെ മറയാക്കി കൊട്ടക്കാ—മ്പൂര്‍ മേഖലയിലെ മുഴുവന്‍ കൈയേറ്റക്കാരെയും സംരക്ഷിക്കാനാണു മണി ശ്രമിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it