Articles

സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടുന്നവര്‍

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക

തേജസിലെ സഹപ്രവര്‍ത്തകനായ മുനീറിനൊപ്പമാണ് ഞാന്‍ കഴിഞ്ഞ ദിവസം അവരുടെ താമസസ്ഥലമായ ഒളവണ്ണയിലെത്തിയത്. അവിടെ എത്തിയപ്പോള്‍ തന്നെ സമീപത്തെ പാറമ്മല്‍ നമസ്‌കാരപ്പള്ളിയില്‍ നിന്ന് ഒരു മരണ അറിയിപ്പു കേട്ടു. മരിച്ചത് 36 വയസ്സ് മാത്രമുള്ള റംലത്താണ്. മരണകാരണം അന്വേഷിച്ചപ്പോഴാണ് അവര്‍ കാന്‍സര്‍ ബാധിതയായിരുന്നുവെന്ന് മുനീറും സുഹൃത്തുക്കളും പറയുന്നത്. മാത്രമല്ല, ഈ പ്രദേശത്ത് വ്യാപകമായി കാന്‍സര്‍ ബാധിതരുണ്ടെന്നും നിരവധിപേര്‍ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ടെന്നുമുള്ള യാഥാര്‍ഥ്യവും അവര്‍ പങ്കുവച്ചു. ഇക്കാര്യം സംസാരിക്കുന്നതിനിടെ മുന്‍ പഞ്ചായത്തംഗം കൂടിയായ കൃഷ്ണന്‍കുട്ട്യേട്ടന്‍ ഞങ്ങളുടെ അടുത്തെത്തി. ഇദ്ദേഹവും കാന്‍സര്‍ രോഗിയാണ്. ഇവിടത്തെ ചെരിപ്പുകമ്പനികളില്‍ നിന്നുള്ള വിഷവാതകങ്ങള്‍ തന്നെയാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറയുന്നു. മുമ്പുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കമ്പനി വായുമലിനീകരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ സമരം ചെയ്തു പൂട്ടിച്ച കാര്യവും അദ്ദേഹം ഞങ്ങളുമായി പങ്കുവച്ചു. ഇത്രയും മാരകമായ ഒരു രോഗം പ്രദേശത്തെ മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും അധികൃതരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. എന്നാല്‍, ഇവിടെ ഇപ്പോഴും പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യാവസായികമേഖല- ഇന്‍ഡസ്ട്രിയല്‍ സോണ്‍- ആയി ഒളവണ്ണ പഞ്ചായത്തിലെ ഈ പ്രദേശത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം 2017 ജൂലൈയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യം ഇവിടത്തെ ജനങ്ങള്‍ അറിയുന്നത് വീടിന്റെ പ്ലാനുമായി വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍, അതിനുള്ള അനുമതി നിഷേധിച്ചപ്പോള്‍ മാത്രമാണ്. ഒളവണ്ണ വില്ലേജിലെ തെക്കേത്തൊടിമീത്തല്‍ ബഷീറും ഭാര്യ സാജിതയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണു കഴിഞ്ഞുകൂടുന്നത്. അവര്‍ക്ക് സ്വന്തമായൊരു വീടുണ്ടായിരുന്നു. സ്ഥലപരിമിതിയും പഴക്കവും കാരണം അല്‍പംകൂടി സൗകര്യമുള്ള ഒരു വീടുണ്ടാക്കാനായാണ് അതു പൊളിച്ചുമാറ്റിയത്. എന്നാല്‍, ഉണ്ടായിരുന്ന വീടും നഷ്ടമായ അവസ്ഥയിലാണ് ഇന്ന് ഈ കുടുംബം. പുതിയ വീടിനുള്ള പ്ലാനുമായി വില്ലേജ് ഓഫിസില്‍ എത്തിയപ്പോഴാണ് തന്റെ വീട് നിന്നിരുന്ന സ്വന്തം സ്ഥലത്ത് ഇനി പുതിയ വീടുണ്ടാക്കാന്‍ അനുമതി ലഭിക്കില്ലെന്ന വിവരം ഇവര്‍ അറിഞ്ഞത്. ഈ കുടുംബം ഇന്നു ദുരിതത്തിലാണ്. കൂലിപ്പണി ചെയ്ത് അന്നന്നത്തെ ജീവിതം തള്ളിനീക്കുന്ന ഇവരിപ്പോള്‍ വാടക കൂടി നല്‍കേണ്ട അവസ്ഥയിലാണ്. സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടുന്ന അവസ്ഥ ഈ കുടുംബത്തിന്റേതു മാത്രമല്ലെന്ന് ഇവര്‍ പറയുന്നു. വീടിന് ഒരു മുറി അധികമെടുക്കാനോ മുകള്‍നില കെട്ടാനോ ഷീറ്റിടാന്‍പോലുമോ ഇവിടെയുള്ളവര്‍ക്ക് അനുമതിയില്ലെന്നതാണ് അവസ്ഥ.എന്നാല്‍, ഈ നിയമങ്ങളൊന്നും അവിടെ ഉയരുന്ന വലിയ ഫഌറ്റ് സമുച്ചയത്തിനോ വ്യാവസായിക സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലെന്നതിന് അവിടെയുള്ള സ്ഥാപനങ്ങള്‍ തന്നെയാണ് തെളിവ്. കുന്നിടിച്ചും വയല്‍ നികത്തിയും ചെരിപ്പുകമ്പനികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിന് യാതൊരു വിലക്കുമില്ല. മാത്രമല്ല, പല സമ്പന്നരുടെയും വ്യവസായികളുടെയും ഭൂമി വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.ഒളവണ്ണ പഞ്ചായത്തിലെ 11, 12 13 വാര്‍ഡുകളില്‍ പെട്ട ഈ സ്ഥലം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിവരം അറിഞ്ഞതു മുതല്‍ പ്രദേശവാസികള്‍ മുഴുവന്‍ ആശങ്കയിലാണ്. പ്രകൃതിരമണീയമായ കോഴിക്കോടന്‍കുന്നും കാവുകളും തണ്ണീര്‍ത്തടങ്ങളും തെങ്ങിന്‍തോപ്പും എല്ലാമായി ചാലിയാറിലേക്കിറങ്ങി നില്‍ക്കുന്ന ഈ പ്രദേശത്തെ എങ്ങനെയാണാവോ വ്യാവസായിക മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്? അതിനുള്ള മാനദണ്ഡമാണോ മുകളില്‍ സൂചിപ്പിച്ച ഭൂപ്രകൃതി? ഇതിനെല്ലാം അപ്പുറത്ത് 1,080 വീടുകളിലായി 6000ഓളം വരുന്ന മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം തന്നെയാണ് വ്യവസായമേഖലയ്ക്ക് ഉചിതമായതെന്ന് ആരാണ്, എങ്ങനെയാണു തീരുമാനിച്ചത്? ഇവിടെയുള്ളവരുടെ ഇനിയുള്ള ജീവിതം? പഞ്ചായത്തിന്റെ അനുമതിയില്ലാതെ, ജനപ്രതിനിധികളുടെ അറിവോടെയല്ലാതെ എങ്ങനെയാണ് ഒരു പ്രദേശത്തെ വ്യവസായമേഖലയായി പ്രഖ്യാപിക്കാനാവുക? ജനപ്രതിനിധികള്‍ തങ്ങളില്‍ നിന്നു വിവരങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്. എല്ലാ അര്‍ഥത്തിലും തനി നാട്ടിന്‍പുറത്തിന്റെ നന്മയും നിഷ്‌കളങ്കതയുമായി ജീവിക്കുന്ന ഈ മനുഷ്യരെ വഞ്ചിച്ചത് അവര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച് പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമെല്ലാം അയച്ചവര്‍ തന്നെയാണെന്ന് ഇന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം മണ്ണില്‍ നിന്ന് അന്യരാക്കപ്പെടുന്ന ഇവരിന്ന് എല്ലാം മറന്ന് സംഘടിതരാവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കുന്നിടിച്ചുണ്ടാക്കിയ ഒരു പുതിയ കമ്പനി അടച്ചുപൂട്ടിക്കിടക്കുന്നുണ്ട്. മാത്രമല്ല, മൂര്‍ക്കനാട് എഎല്‍പി സ്‌കൂളിനു സമീപം സ്ഥാപിക്കുന്ന ഫഌറ്റ് സമുച്ചയത്തിനു വേണ്ടി വലിയ കിണര്‍ കുഴിക്കാനെത്തിയവരെയും നാട്ടുകാര്‍ മടക്കിയയച്ചത് കഴിഞ്ഞ ദിവസമാണ്. ഇതു നാട്ടുകാര്‍ സംഘടിതരാവുന്നതിന്റെ സൂചനയാണ്. എണ്‍പതോടടുത്ത മുന്‍ പഞ്ചായത്തംഗം പി കെ കുഞ്ഞാത്തനടക്കമുള്ളവരും വയലില്‍ കറ്റമെതിച്ചുകൊണ്ടിരുന്ന കദീജയും ആമിനയും കനകവും അടക്കമുള്ള നാട്ടുകാരും പറയുന്നത് ഒരേ കാര്യമാണ്, ഈ വിപത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാനായി ഞങ്ങള്‍ എന്തിനും തയ്യാറാണ് എന്ന്. ി
Next Story

RELATED STORIES

Share it