സ്വദേശി ദര്‍ശന്‍ പദ്ധതിക്ക് 100 കോടി അനുവദിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം, ശബരിമല എന്നിവയ്ക്കായുള്ള സ്വദേശി ദര്‍ശന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ചതാണു പദ്ധതിയെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടതൊന്നും പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. മറിച്ച് ക്ഷേത്രസന്ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയുള്ള ബൃഹദ്പദ്ധതികളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇരുപത്തഞ്ചോളം പൈതൃക കെട്ടിടങ്ങള്‍, മ്യൂസിയങ്ങള്‍, ക്ഷേത്രത്തിന്റെ നാലു നടകള്‍ എന്നിവ കാണുന്നതിനു വേണ്ടിയുള്ള 5.2 കിലോമീറ്റര്‍ നീളം വരുന്ന പൈതൃക കല്‍പാതയാണ് പദ്ധതിയുടെ മുഖ്യആകര്‍ഷണം.
ക്ഷേത്രത്തിന്റെ നാലു നടയ്ക്കുമുള്ള നടപ്പാതകളുടെ നവീകരണം, പത്മതീര്‍ത്ഥത്തിന്റെ നവീകരണം, കുടിവെള്ളം നല്‍കുന്നതിനുള്ള ജലധാര, ടോയ്‌ലറ്റ് ബ്ലോക്ക്, ചവറുവീപ്പകള്‍, സൂചനാബോര്‍ഡുകള്‍, നെയിംബോര്‍ഡുകള്‍, വൈദ്യുതി കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കല്‍, അഴുക്കുചാല്‍ നിര്‍മാണം എന്നിവയ്ക്കും ഫണ്ട് ഉപയോഗിക്കും. മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനം, പുതിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഡിജിറ്റല്‍ മ്യൂസിയം, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പ്രസിദ്ധമായ ആറന്മുള വള്ളംകളിക്കായുള്ള വിഐപി ഗാലറിയുടെ മേല്‍ക്കൂര പണിയല്‍, സംരക്ഷണ ഭിത്തി, ടോയ്‌ലറ്റുകള്‍, കുളിക്കടവ്, വള്ളസദ്യക്കുള്ള ഹാള്‍, സൗരോര്‍ജ വൈദ്യുതി വിളക്കുകള്‍ എന്നിവയാണ് ആറന്മുളയിലെ പദ്ധതികള്‍. ശബരിമല തീര്‍ത്ഥാടന പദ്ധതിയുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ വെയിറ്റിങ്ഹാള്‍ പണിയും.
പമ്പയില്‍ നിലവിലുള്ളതിനു സമാന്തരമായി മറ്റൊരു നടപ്പാലവും പണിയും. പാര്‍ക്കിങ് ഏരിയക്കു സമീപം രണ്ടാമതൊരു നടപ്പാലവും ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it