Idukki local

സ്വത്തുതര്‍ക്കം: സഹോദരങ്ങള്‍ ഏറ്റുമുട്ടി; ആറുപേര്‍ക്ക് പരിക്ക്

രാജാക്കാട്: രാജാക്കാട്ട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവര്‍ അടിമലി താലൂക്ക് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്.
രാജാക്കാട് പഴയപോസ്റ്റോഫിസിന് സമീപം വെട്ടിക്കാട്ട് വര്‍ഗീസിന്റെ മക്കളായ ബേബി, സണ്ണി, ബെന്നി, ജോണ്‍, ജോസഫ്, മകന്‍ ബിബിന്‍ എന്നിവരാണ് കാലങ്ങളായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇന്നലെ ആയുധമെടുത്ത് ഏറ്റുമുട്ടിയത്. ഇതില്‍ ആറ് പേര്‍ക്കും സാരമായ പരിക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ജോസഫിന്റെ പുരയിടത്തില്‍ നിന്ന തെങ്ങില്‍ കയറി ജോണിന്റെ നേതൃത്വത്തില്‍ തേങ്ങയിടുകയും ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് കൈയാങ്കളിയിലേയ്ക്കും എത്തുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തിയെങ്കിലും ഇടപെടാന്‍ ധൈര്യം കാണിച്ചില്ല.തുടര്‍ന്ന് വീട്ടില്‍ നിന്നും ജോസഫിന്റെ മകന്‍ ബിബിനെ വിളിച്ചു വരുത്തി. ഇവരെ പിടിച്ചുമാറ്റുന്നതിനിടയില്‍ ബിബിന് വെട്ടേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ജോസഫ്,ബേബി, ജോണ്‍, ബിബിന്‍ എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും ബെന്നി, സണ്ണി എന്നിവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
എന്നാല്‍ പരിരിക്ക് ഗുരുതതരമായിതിനാല്‍ ബെന്നി, ജോണ്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. രാജാക്കാട് എസ്‌ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഉടുമ്പന്‍ചോല എംഎല്‍എ കെ കെ ജയചന്ദ്രനും സംഭവസ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it