Readers edit

സ്വതന്ത്ര രാജ്യത്തെ ആസാദി നിലവിളികള്‍

ഏഴു പതിറ്റാണ്ടിന്റെ സ്വാതന്ത്ര്യബോധവും പേറി നാം അലഞ്ഞുനടന്ന തെരുവുകളില്‍ വീണ്ടും ആസാദി വിളികള്‍ മുഴങ്ങുന്നു. വൈദേശികാധിപത്യത്തിന്റെ വലിച്ചെറിയപ്പെട്ട ചങ്ങലക്കണ്ണികള്‍ തീവ്രദേശീയതയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏതോ ഹോട്ടല്‍ മുറിയിലിരുന്നു വെള്ളക്കാര്‍ പകുത്തുമാറ്റിയ രാജ്യത്തിന്റെ മുറിവില്‍ ആരൊക്കെയോ ചേര്‍ന്നു വീണ്ടും കഠാരയിറക്കുന്നു. മണ്ണില്‍ നിന്നു മനസ്സകങ്ങളിലേക്ക്, അടുക്കളയില്‍ നിന്നു കിടപ്പറകളിലേക്ക്, തീന്‍മേശയില്‍ നിന്ന് അറിവരങ്ങുകളിലേക്ക്, അസഹിഷ്ണുത പടര്‍ന്നിറങ്ങുകയാണ്. ഉയര്‍ന്നുപൊങ്ങുന്ന പ്രതിസ്വരങ്ങള്‍ മൗനാനുവാദങ്ങളുടെ പിന്‍ബലത്തോടെ തടവറയിലടയ്ക്കപ്പെടുന്നു.
രാജ്യസ്‌നേഹികളെയും രാജ്യദ്രോഹികളെയും നിര്‍ണയിക്കാനുള്ള അധികാരം ചില ഏജന്‍സികള്‍ക്കു നല്‍കി കാംപസുകളില്‍ സര്‍ക്കാര്‍ ആരംഭിച്ച വേട്ടയുടെ രണ്ടാംഭാഗമായിരുന്നു ജെഎന്‍യു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഊരുവിലക്കു പ്രഖ്യാപിച്ചു പുറത്താക്കപ്പെട്ട രോഹിത് വെമുലയുടെ ആത്മഹത്യ വെറുമൊരു ആത്മാഹുതിയാണെന്നു സമ്മതിക്കാന്‍ രാജ്യത്തിന്റെ മനസ്സാക്ഷിക്കു കഴിയാത്തതു തീവ്ര ദേശീയതയുടെ അജണ്ടകളറിയാവുന്നതിനാലാണ്. ജെഎന്‍യു കേന്ദ്രീകരിച്ചു നടന്ന ഭീകര വേട്ടകള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുന്നു. നുണബോംബ് നിര്‍മാണ ശാലകളില്‍ നിര്‍മിച്ചെടുത്ത വ്യാജ തെളിവുകളുടെ പിന്‍ബലത്തോടെ രാജ്യദ്രോഹികളെ നിര്‍മിക്കുകയാണു യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അങ്ങനെയാണു കനയ്യ രാജ്യദ്രോഹിയായത്, ഉമര്‍ ഖാലിദ് പാകിസ്താന്‍ ചാരനായത്, ഭട്ടാചാര്യയടക്കം തുറുങ്കിലടയ്ക്കപ്പെട്ടവരൊക്കെ 'രാജ്യസ്‌നേഹി'കളുടെ കണ്ണിലെ കരടുകളായത്.
രാജ്യസ്‌നേഹികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാരാണ്? രാജ്യദ്രോഹികളുടെ ലക്ഷണങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്കാണുള്ളത്? കാംപസുകളില്‍ ഊരുവിലക്കു പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാരാണ്?
രോഹിതിന്റെ അടിവേരു ചികഞ്ഞ് അദ്ദേഹം ദലിതനല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍, ഉമര്‍ ഖാലിദിന്റെ പാരമ്പര്യം ചികഞ്ഞ് പാകിസ്താനിലേക്കയക്കുന്നവര്‍, നുണബോംബ് നിര്‍മാണശാലകളിലെ ഗീബല്‍സുമാര്‍ ഇവരൊക്കെ ഒന്നാവുമ്പോഴാണ് ഇന്ത്യ മരിക്കുന്നത്. അങ്ങനെയാണു തെരുവുകളില്‍ ആസാദി വിളികള്‍ മുഴങ്ങുന്നത്.

ഹാരിസ്
നെന്മാറ

എന്തിനുവേണ്ടി
 ?

കേരളത്തിലെ മുഴുവന്‍ ആളുകളും സരിതയുടെ നാവില്‍ നിന്നു പുതിയതെന്താണു വീഴുന്നതെന്ന് ആലോചിച്ചു നടക്കുകയായിരുന്നു. ഇലക്ഷന്‍ പ്രഖ്യാപനം വന്നതോടെ സരിതയുമില്ല. പ്രതിപക്ഷവുമില്ല. അങ്ങനെയൊരു സംസാരം പോലും ഒരിടത്തും നടന്നിട്ടില്ല. എല്ലാ വാര്‍ത്താ മാധ്യമങ്ങളും അവരെ മറന്നു. അപ്പോള്‍ ഈ കോലാഹലങ്ങളെല്ലാം നടത്തിക്കൂട്ടിയത് ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനുവേണ്ടിയായിരുന്നു? രാഷ്ട്രീയം ശരിക്കും പഠിച്ച ആളുകള്‍ക്ക് എപ്പോഴും ഏതു സമയത്തും മറിച്ചും തിരിച്ചും പറഞ്ഞൊപ്പിക്കാന്‍ കഴിയും. എല്ലാത്തരം ഇയ്യത്തെക്കാളും കട്ടിയുള്ളതാണ് 'രാഷ്ട്രീയം'

യൂസഫ് കുന്നപ്പിള്ളി
കുട്ടമശ്ശേരി

മനസ്സിലിരിപ്പ്?
എന്‍ഡിഎയുടെ ഭാഗമായതോടെ വെള്ളാപ്പള്ളിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് അദ്ദേഹം തന്നെ സമൂഹത്തോടു വിളിച്ചു പറയുന്നു.

പി സി മുഹമ്മദ് ജലാല്‍
കാവനൂര്‍

''രാജ്യസ്‌നേഹികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാരാണ്?

രാജ്യദ്രോഹികളുടെ ലക്ഷണങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്കാണുള്ളത്? കാംപസുകളില്‍ ഊരുവിലക്കു പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാരാണ്? ''

ഹാരിസ്
നെന്മാറ
Next Story

RELATED STORIES

Share it