Editorial

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നു

വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള ധീരയത്‌നമെന്ന നിലയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ചങ്ങലയിടാനുള്ള നീക്കം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി സ്മൃതി ഇറാനിയാണ് മുന്നിട്ടിറങ്ങിയത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റിലാണ് ആദ്യം ഇതുസംബന്ധമായി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷനുള്ള മാര്‍ഗരേഖ- വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിനുള്ള ഭേദഗതി എന്ന പേരിലായിരുന്നു വിജ്ഞാപനം.
ഭരണഘടനയുടെ 19ാം ഖണ്ഡിക ഉയര്‍ത്തിപ്പിടിക്കുന്ന ആശയപ്രകാശന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയായിരുന്നു ഈ നീക്കം. എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല, മാധ്യമസ്ഥാപന ഉടമകളുടെയും ശക്തമായ എതിര്‍പ്പിന് മുന്നില്‍ പ്രധാനമന്ത്രി ഈ വിജ്ഞാപനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി.
വ്യാജവാര്‍ത്തകള്‍ ആധുനിക സമൂഹത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നുവെന്നത് ശരി. ചിലരെങ്കിലും മനപ്പൂര്‍വം അതൊരു കുടിലതന്ത്രത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുവെന്നതിലും തര്‍ക്കമില്ല. പക്ഷേ, അത് നേരിടാനുള്ള രീതി ഇത്തരമൊരു കഴുമരംതീര്‍ക്കലല്ല. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വിലയിരുത്തുമ്പോള്‍ അതിലെ വാക്കുകളും വരികളും അത്ര നിഷ്‌കളങ്കമല്ല എന്നു കാണാനാവും. വാര്‍ത്തയെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ക്ക് പഴുതുണ്ട്. അതുപോലും അവ്യക്തമായിരിക്കെ എന്താണ് വ്യാജവാര്‍ത്തയെന്ന് തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനമെന്താണ്?
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. അടുത്തകാലത്തായി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപിക്കും ഏറെ തലവേദന സൃഷ്ടിച്ച വിവരങ്ങളും വാര്‍ത്തകളും പുറത്തുവന്നത് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയായിരുന്നുവെന്നത് സാന്ദര്‍ഭികമായി ഓര്‍മിക്കാം. സ്വാഭാവികമായും പ്രശ്‌നക്കാരെ നേരിടുന്നതിനുള്ള എളുപ്പവഴികളാണ് ഭരണകൂടം തേടുന്നത്. 2014ല്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് വോട്ട് നേടി അധികാരത്തിലെത്തിയവരാണ് ഇപ്പോള്‍ വ്യാജവാര്‍ത്തയുടെ പേരില്‍ ധാര്‍മികരോഷം കൊള്ളുന്നത് എന്നതു കൗതുകകരമാണ്.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലൂടെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വരുതിയിലാക്കുന്നതിനുള്ള ശ്രമം മാത്രമാണ് ഇത്തരം മാര്‍ഗരേഖകള്‍ക്കു പിന്നിലെന്നും അല്ലാതെ, ശുദ്ധവാര്‍ത്തയിലുള്ള താല്‍പര്യമല്ലെന്നും ആര്‍ക്കും അജ്ഞാതമല്ല. അതിനാല്‍ തന്നെ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം മാരണനിയമങ്ങള്‍ക്കെതിരേ നിതാന്ത ജാഗ്രത വേണം; ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം.
Next Story

RELATED STORIES

Share it