സ്വതന്ത്ര ചുമതലയുള്ള വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: വിജിലന്‍സിനു സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 25നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുമോയെന്നും സര്‍ക്കാര്‍ വിശദീകരിക്കണം. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി കോടതി വിധി പറയാന്‍ മാറ്റി.
ചെന്നിത്തലയ്‌ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പായ്ച്ചിറ നവാസ് മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ 100ഓളം പരാതികള്‍ നല്‍കിയിരുന്നതായി സര്‍ക്കാര്‍  കോടതിയെ അറിയിച്ചു.
നവാസിന്റെ പശ്ചാത്തലം അറിയിക്കാന്‍ നേരത്തേ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കല്‍ ബില്ലിനെക്കുറിച്ച് കോടതി ആരാഞ്ഞത്. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
ശങ്കര്‍ റെഡ്ഡി അടക്കമുള്ളവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് ശമ്പള വര്‍ധനയില്ലാതെയും പോലിസ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിധേയമായുമാണെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it