kozhikode local

സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി നഗരസഭ നടപ്പാക്കുന്നു

കോഴിക്കോട്: കേന്ദ്രനഗര വികസന വകുപ്പ് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി കോഴിക്കോട് നഗരസഭയിലും നടപ്പാക്കുന്നു. നഗരപ്രദേശങ്ങളിലെ കക്കൂസ് ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ നിര്‍മിക്കുന്നതിനും പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം കര്‍ശനമായി തടയുന്നതിനും സ്വകാര്യ പങ്കാളിത്തതോടെ പൊതുകക്കൂസ് സ്ഥാപിക്കുന്നതിനും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും സമൂഹിക കക്കൂസുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യംവയ്ക്കുന്നു. സംസ്ഥാനത്ത് ശുചിത്വമിഷന്‍ വഴി നടപ്പാക്കും. ടോയിലറ്റ് നിര്‍മാണത്തിനായി ഗുണഭോക്താവിന് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ശുചിത്വമിഷന്‍, നഗരസഭ വഴി ആകെ 15,400 രൂപ ലഭിക്കും.  ആകെ പദ്ധതി വിഹിതമായി 23,1,77,000 രൂപയണ് ലഭിച്ചത്.
മാസ്റ്റര്‍പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ടോയ്‌ലറ്റ് നിര്‍മിക്കേണ്ട ഒമ്പത് സ്ഥലങ്ങളും പൊതു ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനുള്ള 16 സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ ഗാര്‍ഹിക ശൗചാലയങ്ങള്‍ ഇല്ലാത്തവരെ കണ്ടെത്തുന്നതിന് കുടുംബശ്രീ മുഖേന സര്‍വേ നടത്തുകയും തുടര്‍ന്ന് ശൗചാലയങ്ങള്‍ ഇല്ലാത്തതും പൊട്ടിപ്പൊളിഞ്ഞതും ശുചിയായി സംരക്ഷിക്കാന്‍ സാധിക്കാത്തതുമായ 1505 ഗാര്‍ഹിക ശൗചാലയങ്ങള്‍ കണ്ടെത്തുകയുണ്ടായി. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താവിന് ആദ്യ ഗഡുയിനത്തില്‍ തുക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അറിയിച്ചു.
നഗരസഭയുടെ 2015-2016 വര്‍ഷത്തില്‍ നടപ്പാക്കി വരുന്ന വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ നഗരസഭ പരിധിയിലെ ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കുന്നതിന് 240 പേര്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. ലഭ്യമായ അപേക്ഷകളില്‍ 47 പേര്‍ക്ക് ആദ്യഗഡുയിനത്തിലെ തുകയും ഭവനപുനരുദ്ധാരണ ധനസഹായമായി 117പേര്‍ക്ക് തുക വകയിരുത്തുകയും ഇതില്‍ 89 പേര്‍ക്ക് ആദ്യഗഡുയിനത്തില്‍ തുകയും നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു.
സ്വച്ഛ് ഭാരത് പദ്ധതി പ്രകാരമുള്ള ടോയിലറ്റ് നിര്‍മാണത്തിന്റെയും ഭവനനിര്‍മാണ ധനസഹായത്തിന്റെയും ഭവന അറ്റകുറ്റ പണിയുടെയും ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം മാര്‍ച്ച് ഒന്നിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ വി കെ സി മമ്മദ്‌കോയ വിതരണോദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സി രാജന്‍, അനിതാ രാജന്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it