Flash News

സ്വകാര്യ ഹജ്ജ് ക്വാട്ട : 569 ഗ്രൂപ്പുകള്‍ക്ക് ക്വാട്ട;കേരളത്തിനു നേട്ടം



കരിപ്പൂര്‍: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വാട്ട 569 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വീതിച്ചുനല്‍കി. ഇന്ത്യയില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 45,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 6000ത്തിലേറെ സീറ്റുകള്‍ ലഭ്യാമവും.ഇതിനുപുറമെ കേരളത്തിന് പുറത്ത് മലയാളികള്‍ നടത്തുന്ന ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 3,000 സീറ്റുകളും ലഭിക്കും. ഇതോടെ 9,000 ലേറെ പേര്‍ക്ക് കേരളത്തില്‍നിന്നുതന്നെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോവാന്‍ ഈ വര്‍ഷം കഴിയും. സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 5422 സീറ്റുകളാണ് ലഭിച്ചിരുന്നത്.569 ഗ്രൂപ്പുകള്‍ക്കാണ് ക്വാട്ട വീതംവച്ച് നല്‍കിയത്. ഏഴ് വര്‍ഷവും അതില്‍ കൂടുതലും ഹജ്ജ് ലൈസന്‍സ് ലഭിച്ചവര്‍ ഒന്നാം കാറ്റഗറിയായും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായും നിശ്ചയിച്ചാണ് കേന്ദ്രം ഹജ്ജ് സീറ്റുകള്‍ വീതം വച്ചത്. ഇതുപ്രകാരം ഒന്നാം കാറ്റഗറിയിലെ 299 ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് ക്വട്ടയുടെ 70 ശതമാനം (31,500) സീറ്റുകള്‍ നല്‍കി. ശേഷിക്കുന്ന 30 ശതമാനം (13,500) സീറ്റുകള്‍ രണ്ടാം കാറ്റഗറിക്കാര്‍ക്കും വീതംവച്ചു. ഒന്നാം കാറ്റഗറിയിലെ 194 ഗ്രൂപ്പുകള്‍ക്ക് 105 സീറ്റുകള്‍ വീതവും 105 ഗ്രൂപ്പുകള്‍ക്ക് 106 സീറ്റുകളും ലഭിക്കും.കേരളത്തില്‍ നിന്ന് ഒന്നാംകാറ്റഗറിയില്‍ 40 ഗ്രൂപ്പുകള്‍ ഇടംനേടി. രണ്ടാ കാറ്റഗറിയില്‍ 362 ഗ്രൂപ്പുകള്‍ ഇടം നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം യോഗ്യത നേടിയിട്ടും നറുക്കെടുപ്പിലൂടെ ക്വാട്ട നഷ്ടപ്പെട്ട 143ല്‍ 137 ഗ്രൂപ്പുകള്‍ നറുക്കെടുപ്പില്ലാതെ യോഗ്യത നേടി. ശേഷിക്കുന്ന 225 ഗ്രൂപ്പുകളില്‍ നിന്ന് 133 ഗ്രൂപ്പുകള്‍ നറുക്കെടുപ്പിലൂടെയും 50 വീതം സീറ്റുകള്‍ക്ക് അര്‍ഹത നേടി. ഇതില്‍ 41 ഗ്രൂപ്പുകള്‍ കേരളത്തില്‍ നിന്നാണ്. ക്വാട്ട ലഭിച്ച ഗ്രൂപ്പുകളുടെ വിശദവിവരങ്ങള്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആകെ 36,000 ഹജ്ജ് സീറ്റുകളാണ് സ്വകാര്യ മേഖലയിലേക്ക് അനുവദിച്ചത്. ഇതില്‍ നിന്നാണ് കേരളത്തിന് 5422 ക്വാട്ട ലഭിച്ചിരുന്നത്.
Next Story

RELATED STORIES

Share it