സ്വകാര്യ ഹജ്ജ് ക്വാട്ട: കേരളത്തില്‍ നിന്ന് 81 ഗ്രൂപ്പുകള്‍ക്കായി 6114 ക്വാട്ട അനുവദിച്ചു

കെ  പി  ഒ  റഹ്മത്തുല്ല

മലപ്പുറം: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിനു പോകുന്നവര്‍ക്കുള്ള ക്വാട്ട വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാം കാറ്റഗറിയില്‍ 331 ഗ്രൂപ്പുകള്‍ക്കും രണ്ടാം കാറ്റഗറിയില്‍ 278 ഗ്രൂപ്പുകള്‍ക്കുമായി 46,323 ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാം കാറ്റഗറിയില്‍ 98 വീതവും രണ്ടാം കാറ്റഗറിയില്‍ 50 വീതവും ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അനുവദിച്ചതിനേക്കാള്‍ 1323 ക്വാട്ട ഇത്തവണ കൂടുതല്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. സൗദി സര്‍ക്കാര്‍ ഇത്തവണ ഇന്ത്യക്ക് അധികമായി അനുവദിച്ച 5000 ക്വാട്ടയില്‍ നിന്നാണ് ഇതു നല്‍കിയത്.
കഴിഞ്ഞ തവണ 45,000 പേരാണ് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി തീര്‍ത്ഥാടനത്തിനു പോയത്. 2017ല്‍ നറുക്കെടുപ്പിലൂടെ ക്വാട്ട ലഭിക്കാതെപോയ 87 ഗ്രൂപ്പുകള്‍ക്കും ഇത്തവണ ക്വാട്ട ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണ 81 സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 6114 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ 43 ഗ്രൂപ്പുകള്‍ ഒന്നാം കാറ്റഗറിയിലും 38 ഗ്രൂപ്പുകള്‍ രണ്ടാം കാറ്റഗറിയിലുമാണ്.
മുംബൈയിലും മറ്റു നഗരങ്ങളിലുമുള്ള മലയാളികള്‍ നടത്തുന്ന സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും മലയാളികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകാറുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പതിനായിരത്തോളം പേര്‍ ഹജ്ജിനു പോവുമെന്നാണ് കരുതുന്നത്. വിദേശകാര്യ മന്ത്രാലയം കര്‍ശനമായ വ്യവസ്ഥകളോടെയാണ് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ക്വാട്ട അനുവദിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കാതിരിക്കുകയും പരാതി ലഭിക്കുകയും ചെയ്താല്‍ ക്വാട്ട റദ്ദാക്കും. ഇത്തവണ കൂടുതലായി ലഭിച്ച ക്വാട്ടയില്‍ 4000 ക്വാട്ട സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറ്റുകയായിരുന്നു. ആകെ 1,60,000ഓളം പേര്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകും.
Next Story

RELATED STORIES

Share it