Pravasi

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കും



ദോഹ: സ്വകാര്യ സ്‌കൂളുകളെ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെയും ഫീസ് ഘടനയുടെയും അടിസ്ഥാനത്തില്‍ വിവിധ ഗ്രേഡുകളായി തിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കള്‍ക്ക് വലിയ സഹായമായിരിക്കും ഈ തീരുമാനമെന്ന് പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ക്ക് സ്‌കൂളിന്റെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും ഫീസ് ഘടന സഹായകമാവും. എ,ബി,സി,ഡി എന്നിങ്ങനെ മൂന്നോ നാലോ വിഭാഗങ്ങളായി തിരിക്കാനാണ് തീരുമാനം. ഗ്രേഡ് നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടന്‍ പുറത്തുവിടുമെന്ന് അല്‍ഗാലി അറിയിച്ചു. ആഗ്രഹിക്കുന്ന രീതിയിലുള്ള വിദ്യഭ്യാസ ഗുണനിലവാരവും തങ്ങളുടെ വരുമാനത്തിന് ഒതുങ്ങുന്ന രീതിയിലുള്ള ഫീസ് ഘടനയും തിരഞ്ഞെടുക്കുന്നതിന് ഇത് രക്ഷിതാക്കളെ സഹായിക്കും. പുതുതായി സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ആരംഭിക്കുന്നതിന് 70ഓളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപേക്ഷ നല്‍കുന്ന രീതി മാറ്റി ജൂണ്‍ 30 വരെ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള അപേക്ഷ നല്‍കാമെന്ന് അല്‍ഗാലി പറഞ്ഞു. മന്ത്രാലയത്തിന്റെ പുതിയ ഘടന പ്രകാരം സ്വകാര്യ സ്‌കൂള്‍ ഭരണത്തെ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പ്രൈവറ്റ് സ്‌കൂള്‍സ് അഫയേഴ്‌സ് ഡിപാര്‍ട്ട്‌മെന്റ്, ലൈസന്‍സിങ് ആന്റ് എജുക്കേഷനല്‍ സെന്റേഴ്‌സ് ഉള്‍പ്പെടെ മൂന്ന് ഡിപാര്‍ട്ട്‌മെന്റുകള്‍ ഇനി ഉണ്ടാവും. ഈ വര്‍ഷം സ്‌കൂള്‍ ഫീസ് വര്‍ധനയ്ക്ക് 127 അപേക്ഷകള്‍ കിട്ടിയതായും അതില്‍ 38 എണ്ണം സ്വീകരിച്ചതായും ഹമദ് അല്‍ഗാലി പറഞ്ഞു. മൂന്നു വര്‍ഷം കൂടുമ്പോഴാണ് സ്‌കൂള്‍ ഫീസ് വര്‍ധന അനുവദിക്കുക. പുതിയ കെട്ടിട നിര്‍മാണത്തിനോ സ്‌കൂള്‍ സ്ഥലം മാറ്റുന്നതിനോ കാര്യമായ ചെലവ് വരുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇതില്‍ ഇളവ് നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it