kozhikode local

സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളുമായി ചെമ്പുകടവ് ജിയുപി

താമരശ്ശേരി: ആദിവാസികളും സാധാരക്കാരും തിങ്ങിതാമസിക്കുന്ന കോടഞ്ചേരി ചെമ്പുകടവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളൊരുക്കി ജനകീയ കൂട്ടായ്മ. ചെമ്പുകടവ് ജിയുപി സ്‌കൂളിലാണ് പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നഗര പ്രദേശത്തെ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളൊരുക്കിയത്. തുഷാരഗിരിയോട് ചേര്‍ന്ന് കിടക്കുന്ന ചെമ്പുകടവിലെയും പരിസരങ്ങളിലേയും കര്‍ഷകരുടെയും സാധാരണക്കാരുടെയും മക്കളായ ഇരുനൂറോളം വിദ്യാര്‍ഥികളും ചെമ്പുകടവ് ആദിവാസി കോളിനിയിലെ എഴുപതോളം കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.
സ്‌കൂള്‍ മുറ്റത്തെ ഉദ്യാനത്തില്‍ താമര നിറഞ്ഞ കുളവും കരയില്‍ കൊക്കുകളും സമീപത്തായി പുള്ളിമാനുമുണ്ട്. ഊഞ്ഞാലുകള്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങളും ഉദ്യാനത്തിലുണ്ട്. ഒന്നര ലക്ഷം മുടക്കി സ്‌കൂള്‍ മുറ്റത്ത് ഇന്റര്‍ലോക്ക് പതിക്കുകയും ഒരു ലക്ഷം ചെലവഴിച്ച് ഷട്ടില്‍ കോര്‍ട്ട് നിര്‍മിക്കുകയും ചെയ്തു. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ഇവിടെയൊരുക്കിയ സൗകര്യങ്ങളാണ് സ്‌കൂളിനെ വ്യത്യസ്ഥമാക്കുന്നത്. രാവിലെ വിഭവ സമൃദ്ധമായ ഭക്ഷണം പതിവാണ്. ആദിവാസി വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചതെങ്കിലും ആവശ്യമുള്ള മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്നു.
കുളിക്കാതെയും വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും സ്‌കൂളിലെത്തുന്ന ആദിവാസി വിദ്യാര്‍ഥികളെ സമീപത്തെ പുഴയിലെത്തിച്ച് കുളിപ്പിക്കും. ഇവര്‍ക്കായി സ്‌കൂള്‍ യൂനിഫോം സ്‌കൂളില്‍തന്നെ സൂക്ഷിക്കും. ഇവ അലക്കാന്‍ അലക്കു യന്ത്രവും ഇസ്തിരിയിടാനുള്ള സംവിധാനവും ഇവിടെയുണ്ട്. സ്‌കൂളിലേക്ക് പുറപ്പെടാത്ത ആദിവാസി വിദ്യാര്‍ഥികളുടെ വീടു കയറാന്‍ ഒരു അധ്യാപികക്ക് പ്രത്യേക ചുമതലയുമുണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ അര ഏക്കറില്‍ വിദ്യാര്‍ഥികള്‍ വിളയിച്ച വിവിധയിനം പച്ചക്കറികള്‍ അധ്യായന വര്‍ഷം മുഴുവനും ഇവരുടെ ഉച്ചഭക്ഷണത്തിനുണ്ടാവും. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനായി കൃഷി വകുപ്പിന്റെ സഹായത്തോടെ ആധുനിക പോളി ഹൗസും ഉണ്ട്.
വെള്ളിയാഴ്ചകളില്‍ ആദിവാസികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനത്തില്‍ നിരവധി യുവാക്കളും പങ്കാളികളാണ്. ഡിജിറ്റല്‍ ക്ലാസ് മുറി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് മലയോരത്തെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലുള്ളത്. ഇതിനുള്ള പണം പൂര്‍ണമായും പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍നിന്നാണ് സമാഹരിച്ചത്. സൗകര്യമൊരുക്കുന്നതില്‍ പ്രധാനാധ്യാപകന്‍ ടി ടി ജോണ്‍സന്റെ പങ്ക് വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളെ പുച്ചത്തോടെ കാണുന്ന കാലത്താണ് മലയോരത്തെ സാധാരണക്കാര്‍ ചേര്‍ന്ന് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ ഹൈടെക് ആക്കിയത്. സ്‌കൂളിന്റെ കവാടം നവീകരിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അധ്യാപകര്‍ തയ്യാറാക്കി കഴിഞ്ഞു. എല്ലാം നാട്ടുകാര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസവും ഇവര്‍ക്കുണ്ട്.
ചെമ്പുകടവ് സ്‌കൂളിനെകുറിച്ച് കേട്ടറിഞ്ഞ ജില്ലാ സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ആര്‍ എല്‍ ബൈജു ഇന്നലെ രാവിലെ സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ഉന്നതിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ അദ്ധേഹം ആദരിച്ചു. സെക്ഷന്‍ ഓഫീസര്‍ വിവേക് രവീന്ദ്രന്‍, പി എല്‍ വി ശ്രീജ അയ്യപ്പന്‍ എന്നിവരും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it