ernakulam local

സ്വകാര്യ വ്യക്തി വഴി അടച്ച് കെട്ടി; എട്ടോളം കുടുംബങ്ങള്‍ ദുരിതത്തില്‍; മൃതദേഹം കൊണ്ടുപോയത് മതിലിന് മുകളിലൂടെ

പള്ളുരുത്തി: സ്വകാര്യ വ്യക്തി വഴി അടച്ച് കെട്ടിയതോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡില്‍ എട്ടോളം കുടുംബങ്ങള്‍ ദുരിതത്തിലായി. നാട്ടുകാര്‍ പതിവായി നടന്നു കൊണ്ടിരുന്ന വഴിയാണ് സ്വകാര്യ വ്യക്തി അടച്ച് കെട്ടിയതത്രേ.
ഇതോടെ വഴി പ്രശ്‌നത്തില്‍ മറ്റ് പോംവഴിയില്ലാതെ അലയുകയാണ് പ്രദേശത്തുള്ളവര്‍.
ഇവിടെ താമസിച്ചിരുന്ന ഭൂ ഉടമ ഉപേക്ഷിച്ച് പോയതോടെ അയാളുടെ അനുവാദത്തോടെയാണ് നാട്ടുകാര്‍ സ്ഥലം വഴിയായി ഉപയോഗിച്ച് വരുന്നതത്രേ. എന്നാല്‍ കാലക്രമേണ സ്വകാര്യ വ്യക്തി സ്വാധീനം ഉപയോഗിച്ച് വഴി കൈക്കലാക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സമീപവാസിയായ ബിജു എന്നയാളുടെ കരുണയിലാണ് ഇപ്പോള്‍ ഇവിടത്തുകാര്‍ അദ്ദേഹത്തിന്റെ സ്ഥലത്തിന്റെ അരികിലൂടെ നടക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച പ്രദേശവാസിയായ വിന്‍സെന്റ് ജോയി(80) മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രശ്‌നം സംഘര്‍ഷത്തിന്റെ വക്കോളം എത്തിയിരുന്നു.
മൃതദേഹം പിന്നീട് മതിലിന് മുകളിലൂടെ എടുത്താണ് സെമിത്തേരിയില്‍ എത്തിച്ചത്. സ്വകാര്യ വ്യക്തിയും നാട്ടുകാരും തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലാണ്.
Next Story

RELATED STORIES

Share it