Idukki local

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്‌ഫോടക വസ്തു ശേഖരം



തൊടുപുഴ: മണക്കാടിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. മണക്കാട് നെല്ലിക്കാവിന് സമീപം മുണ്ടക്കല്‍ കരുണാകന്റെ പുരയിടത്തിലെ കൊക്കോ തോട്ടത്തില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത്. 188 ഇലക്ട്രിക് ഡിറ്റണേറ്റര്‍, 41 പശ എന്നിവ ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. പുരയിടത്തില്‍ കൊക്കൊ പറിക്കാനെത്തിയ സുഭാഷാണ് പാളയും മറ്റും ഉപയോഗിച്ച് മൂടിയിട്ടിരുന്ന സ്‌ഫോടകവസ്തുക്കള്‍ ആദ്യം കണ്ടത്. ഉടനെ സമീപവാസിയായ പോലിസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, സിഐ എന്‍ ജി ശ്രീമോന്‍, എസ്‌ഐ ജോബിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി. ഡിറ്റണേറ്ററുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ ശേഷമാണ് പാളിയും ചപ്പുചവറുകളും ഉപയോഗിച്ച് മൂടിയിരുന്നത്. രണ്ടുതരത്തിലുള്ള ഡിറ്റണേറ്ററുകളാണ് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു. വൈദ്യുത കണക്ഷന്‍ നല്‍കുന്നതനുസരിച്ച് പല സമയത്തായി പൊട്ടാവുന്ന വിധത്തിലായിരുന്നു 63 ഡിറ്റണേറ്ററുകള്‍. മറ്റ് 125 എണ്ണം വെവ്വേറെ പൊട്ടാവുന്ന വിധത്തിലുമായിരുന്നു സജ്ജീകരിച്ചിരുന്നത്. പശ പ്രത്യേകം പായ്ക്കറ്റിലാക്കിയിരുന്നു.സ്‌ഫോടക വസ്തുശേഖരം കസ്റ്റഡിയിലെടുത്ത് തൊടുപുഴയ്ക്ക് സമീപത്തെ അംഗീകൃത പാറമടയിലെ ഗോഡൗണിലേയ്ക്ക് മാറ്റി. കോടതിയുടെ നിര്‍ദേശ പ്രകാരം ഇവ ഇന്ന് നിര്‍വീര്യമാക്കും. സ്‌ഫോടകവസ്തുക്കള്‍ പുരയിടത്തില്‍ സൂക്ഷിച്ചവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടിയിലാവുമെന്നും പോലിസ് അറിയിച്ചു. മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി പാറമടകളാണുള്ളത്. ഇവിടേക്കുള്ള സ്‌ഫോടകവസ്തുക്കളാണിതെന്നാണു നിഗമനം.
Next Story

RELATED STORIES

Share it