സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്നതും സ്വാതന്ത്ര്യാനന്തരം രേഖകളുടെ പിന്‍ബലമില്ലാതെ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നതുമായ സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കാന്‍ റവന്യൂ വകുപ്പിന്റെ തീരുമാനം.
അനധികൃത കൈയേറ്റങ്ങള്‍ മുഴുവന്‍ കണ്ടെത്താന്‍ എറണാകുളം ജില്ലാകലക്ടര്‍ എം ജി രാജമാണിക്യത്തെ സ്പഷ്യല്‍ ഓഫിസറായി നിയമിച്ചു സര്‍ക്കാര്‍ ഉത്തരവായി. അനധികൃതമായി കൈവശം വച്ചനുഭവിക്കുന്ന സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കിയാണ് സര്‍ക്കാര്‍ തീരുമാനം. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍ നടരാജനാണ് ഇതുസംബന്ധിച്ച രണ്ട് ഉത്തരവുകള്‍ പാസാക്കിയത്. 5,000ത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഇത്തരത്തില്‍ കൈയേറിയിട്ടുണ്ടെന്ന് കമ്മീഷന്റെ നിര്‍ദേശാനുസരണം അനേ്വഷണം നടത്തിയ ഐജി എസ് ശ്രീജിത്ത് കണ്ടെത്തിയിരുന്നു.
ട്രാവന്‍കൂര്‍ റബര്‍ & ടീ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനും റവന്യൂവകുപ്പ് തീരുമാനിച്ചു. ഭൂസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാനും അനധികൃതമായി കൈവശംവച്ചനുഭവിക്കുന്ന ഭൂമിയിന്മേല്‍ ഭൂസംരക്ഷണ നിയമം അനുസരിച്ചു നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പ് സംസ്ഥാനത്ത് ഭൂമി കൈവശംവച്ചിരുന്ന ബ്രിട്ടീഷുകാരുടെയും കമ്പനികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തി പ്രസ്തുത ഭൂമിയുടെ ഇന്നത്തെ അവസ്ഥയും കൈവശവും ആര്‍ക്കാണെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അത്തരക്കാര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.
അത്തരത്തില്‍ ഉടമസ്ഥാവകാശം ലഭിക്കാതെ ആരെങ്കിലും ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവ പിടിച്ചെടുക്കാനുമായിരുന്നു ഉത്തരവ്. മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളവും സോമന്‍ വടക്കേകരയും സമര്‍പ്പിച്ച പരാതികളിലായിരുന്നു ഉത്തരവ്. മുണ്ടക്കയത്ത് ടിആര്‍ & ടി കമ്പനി സര്‍ക്കാര്‍ഭൂമിയില്‍ ഗേറ്റിട്ട് ടോള്‍ സ്ഥാപിച്ചതിനെതിരേയും കമ്മീഷന്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ ഉത്തരവ് പാസാക്കിയിരുന്നു. കൈയേറ്റ ഭൂമി പിടിച്ചെടുത്താല്‍ അവ ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്‍കി അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാമെന്ന് ആര്‍ നടരാജന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it