Flash News

സ്വകാര്യ വ്യക്തികള്‍ കൈയേറിയത് 376 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി



തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 376 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സ്വകാര്യ ഭൂമി കൈയേറ്റം നടന്നതായും മന്ത്രി സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാണ്. വാഗമണ്‍ വില്ലേജില്‍ ചിന്നക്കനാല്‍ വെള്ളക്കുന്നേല്‍ സഖറിയ, തൃപ്പൂണിത്തുറ ചോയ്‌സ് വില്ലേജില്‍ സിറില്‍ പി ജേക്കബ് എന്നിവരാണ് ഏറ്റവും അധികം ഭൂമി കൈയേറ്റം നടത്തിയിട്ടുള്ളതെന്നും പി സി ജോര്‍ജിന്റെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം നടന്നത് ഇടുക്കി ജില്ലയിലാണ്. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കൈയേറിയത്. ഇതിലേറെയും മൂന്നാറിലെ കെഡിഎച്ച് വില്ലേജിലാണ്. ഏറ്റവും കുറവ് കൈയേറ്റം നടന്നതു കണ്ണൂര്‍ ജില്ലയിലാണ്- 0.8903 ഹെക്ടര്‍. വയനാട്- 81.25, തിരുവനന്തപുരം- 74.97, കൊല്ലം- 11.26, ആലപ്പുഴ- 08.06, പത്തനംതിട്ട- 1.82, കോട്ടയം- 8.89, എറണാകുളം- 31.65, തൃശൂര്‍- 5.62, പാലക്കാട്- 14.41, മലപ്പുറം- 6.19, കോഴിക്കോട്- 5.22, കാസര്‍കോട്- 22.85 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ റവന്യൂഭൂമി കൈയേറ്റം. അതേസമയം, കൈയേറ്റം ചെയ്യപ്പെട്ട വനഭൂമിയുടെ വിവരം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 92,825 ഹെക്ടര്‍ ഭൂമിയാണ് വിവിധ ജില്ലകളിലായി സര്‍ക്കാരിന്റെ കൈവശമുള്ളത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുള്ളത്- 54,097 ഹെക്ടര്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ്- 215 ഹെക്ടര്‍. 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ നിയമപരമായി അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1993ലെ കേരള ഭൂമിപതിവ് പ്രത്യേക ചട്ടപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. കാഞ്ഞങ്ങാട് മെയ് 13നും ഇടുക്കി മെയ് 21നും പട്ടയവിതരണത്തിനുള്ള തിയ്യതി നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അയ്യായിരത്തിലധികം പട്ടയം വിതരണം ചെയ്യും. എറണാകുളം ജില്ലയില്‍ സംയുക്ത പരിശോധന കഴിഞ്ഞ ആലുവ, കുന്നത്തുനാട് താലൂക്കുകളില്‍ കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പട്ടയം നല്‍കുന്നതിനു നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലയില്‍ 2017 ജനുവരി 1 മുതല്‍ ഏപ്രില്‍ 1 വരെയുള്ള 23 അപേക്ഷകളിലായി 5.5814 ഹെക്ടര്‍ വനഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it