സ്വകാര്യ ലാബുകളിലെ കൊള്ള: ക്രൈംബ്രാഞ്ച് അനേ്വഷിക്കണം-മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌കാനിങ് നിരക്കുകളുടെ പത്തിരട്ടി തുക സ്വകാര്യ സ്‌കാനിങ് സെന്ററുകള്‍ ഈടാക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അനേ്വഷണം നടത്താന്‍ ഐജി എസ് ശ്രീജിത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി നിര്‍ദേശം നല്‍കി. ഫെബ്രുവരി 23നകം അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് പരിഗണിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്‌കാനിങിനും മറ്റും അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. സ്വകാര്യ ലാബുകള്‍ ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിനാല്‍  സ്വകാര്യ സ്ഥാപനങ്ങളി ല്‍ നിന്ന് സ്‌കാനിങ് എടുക്കാന്‍ ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുന്നതായി പരാതിയുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. ഐജിക്ക് പുറമേ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അനേ്വഷിച്ചു വിശദീകരണം നല്‍കണം. തലയ്ക്കു ക്ഷതമേറ്റ് മെഡിക്കല്‍ കോളജിലെത്തുന്ന രോഗിക്ക് സ്‌കാനിങിനായി മെഡിക്കല്‍ കോളജ് 2000 രൂപ ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ വാങ്ങുന്നത് 12,000 രൂപയാണ്. സിടി സ്‌കാനിന് മെഡിക്കല്‍ കോളജില്‍ 800 രൂപ വാങ്ങുമ്പോള്‍ പുറത്ത് 3500 രൂപ ഈടാക്കും. സ്വകാര്യ ലാബുകള്‍ തങ്ങളുടെ സ്ഥാപനത്തിനു പുറത്ത് സ്‌കാനിങ് നിരക്കുകള്‍ പരസ്യമായി എഴുതി പ്രദര്‍ശിപ്പിക്കണമെന്നും പൊതുപ്രവര്‍ത്തകനായ പി കെ രാജു കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it